flower

തിരുവനന്തപുരം: തിരുവിതാംകൂർ,മലബാർ ദേവസ്വം ബോർഡുകൾ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെ കേരളത്തിലേക്ക് പൂവിന്റെ വരവ് ഇടിഞ്ഞു. വീടുകളിലെ ചടങ്ങുകൾക്കും ക്ഷേത്രത്തിലേക്ക് നൽകാനുമായി ആളുകൾ അരളി വാങ്ങുന്നത് നിറുത്തിയതായാണ് തിരുവനന്തപുരം,കൊച്ചി വിപണിയിൽ നിന്നറിഞ്ഞത്. നിയന്ത്രണം വരുന്നതിന് മുൻപുതന്നെ വലിയൊരു വിഭാഗം ആളുകൾ അരളിപ്പൂവ് വാങ്ങുന്നതിൽനിന്ന് പിൻവാങ്ങിയിരുന്നു. തുടർന്ന് കച്ചവടക്കാരും പൂവ് എടുക്കാതെയായി. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള പൂവിന്റെ വരവിൽ വലിയ ഇടിവാണുള്ളത്. കൊച്ചിയിലേക്ക് 200 കിലോ പൂവ് എത്തിച്ചിരുന്ന താൻ ഇപ്പോൾ വെറും 20 കിലോ മാത്രമാണ് നൽകുന്നതെന്ന് കോയമ്പത്തൂരിലെ മൊത്ത വ്യാപാരി ഷക്കീൽ പറഞ്ഞു.

മാലകെട്ടാൻ മാത്രം

അരളിപ്പൂവിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തിയില്ലെങ്കിലും കൊച്ചിൻ ബോർഡിന് കീഴിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും മാലകെട്ടാൻ മാത്രമാണ് ഇപ്പോൾ അരളിപ്പൂവ് ഉപയോഗിക്കുന്നത്. രാസപരിശോധനാ ഫലം പുറത്തുവന്നശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്.