ശിവഗിരി :വടക്കേമലബാറിലെ മരുത്വാമലയിൽ നിർമ്മിക്കുന്ന ശാരദാമഠത്തിന്റെ തറക്കല്ലിനുള്ള ശില ഇന്ന് ശിവഗിരിയിൽ പൂജ നടത്തി കൊണ്ടുപോകും. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ തിരുമേനിയിൽ കാവേരിക്കുളത്ത് ശിവഗിരിമഠത്തിന്റെ ശാഖാ ആശ്രമമായാണ് ശാരദാമഠം സ്ഥാപിക്കുന്നത്. ഇന്നു പുലർച്ചെ മഹാസമാധി പീഠത്തിലും ശാരദാദേവി സന്നിധിയിലും പൂജിക്കുന്ന ശില പ്രത്യേക വാഹനത്തിലാകും കാവേരികുളത്തെത്തിക്കുക. മഹാസമാധിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സന്യാസിമാരും പ്രാർത്ഥനയ്ക്കും പൂജയ്ക്കും നേതൃത്വം നൽകും. 11 മണിക്ക് ശിവഗിരിയിൽ നിന്നു തിരിച്ച് ആലപ്പുഴ മുഹമ്മ വിശ്വഗാജിമഠം, ആലുവ അദ്വൈതാശ്രമം, ചാലക്കുടി ഗായത്രി ആശ്രമം എന്നിവിടങ്ങളിലും കോഴിക്കോട് ശ്രീകണ്ഠേശ്വരം, കണ്ണൂർ സുന്ദരേശ്വരം, തലശേരി ജഗനാഥക്ഷേത്രങ്ങളും സന്ദർശിച്ചാകും യാത്ര. കാവേരികുളം ആശ്രമത്തിലെ പ്രസാദ് ശാന്തി, മഠം നിർമ്മാണക്കമ്മിറ്റി ചെയർമാൻ ഇ. ബി.അരുൺ, കൺവീനർ സുനിൽ പേപ്പതിയിൽ, ഭരണസമിതിയംഗം സന്തോഷ് കാർത്തികപ്പളളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശില കൊണ്ടുപോകുന്നത്.
23ന് രാവിലെ 10.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശാരദാമഠത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗം സ്വാമി വിശാലാനന്ദ, മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണതീർത്ഥ, ആശ്രമം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ, ടി.ഐ. മധുസൂദനൻ എം. എൽ. എ, സി. എച്ച്. മുസ്തഫ മൗലവി, ഫാ.ജിതിൻ ചിന്താർമണിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, സ്വാമി കൃഷ്ണാനന്ദഭാരതി ആനന്ദഭവനം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.