വെള്ളറട: പൊലീസുകാരെ വെട്ടിച്ച് മുങ്ങിയ ആക്രമണക്കേസിലെ പ്രതിയെ പിടികൂടി. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് പൊലീസുകാരുടെ നിരീക്ഷണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലന്തേരി പണ്ടാരത്തറ പുത്തൻവീട്ടിൽ ബിനോയ് (21) ആണ് ആശുപത്രിയിൽ നിന്ന് മുങ്ങിയത്.
പൊലീസ് അന്വേഷണത്തിനിടെയിൽ കുളത്തൂർ വിരാലിയിൽ സുഹൃത്തിന്റെ വീട്ടിൽ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചു. വ്യാഴാഴ്ച രാത്രി 10ഓടെ വെള്ളറട സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുളത്തൂർ വിരാലി ഇടയ്ക്കോട് ജെ.ആർ ഭവനിൽ ജിത്തുവെന്ന് വിളിക്കുന്ന രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ബിനോയിയെ പിടികൂടുകയായിരുന്നു.പൊലീസ് സംരക്ഷണയിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് രഞ്ജിത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖാ പ്രസിഡന്റ് സുദേവനെ (46) ആക്രമിച്ച കേസിലെ പ്രതിയാണ് ബിനോയ്.