തിരുവനന്തപുരം:ജനറൽ ആശുപത്രിയിലെ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് കുഴിനഖം പരിശോധിപ്പിച്ചതിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐ.എ.എസ് അസോസിയേഷൻ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനോട് ആവശ്യപ്പെട്ടു.

പാർലമെന്റ് പാസാക്കിയ ചട്ടപ്രകാരം, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വീട്ടിലെത്തി ഡോക്ടർമാർ സേവനം നൽകണമെന്ന് വ്യവസ്ഥയുണ്ടെന്ന് അസോസിയേഷൻ വ്യക്തമാക്കി. എപ്പോൾ പോകണമെന്ന് മെഡിക്കൽ ഓഫീസർക്ക് തീരുമാനിക്കാം. വീട്ടിൽ ചികിത്സിച്ചാലും റീ ഇംബേഴ്സ്‌മെന്റ് കിട്ടും. കേന്ദ്ര സർവീസിലെ സിവിൽ സർവീസുകാർക്കും ഇത് ലഭിക്കും. സിവിൽ സർവീസ് ചട്ടത്തിലെ 3, 8 വകുപ്പുകൾ പ്രകാരമാണിത്. കളക്ടറുടെ രോഗം പരസ്യപ്പെടുത്തിയത് മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ചീഫ് സെക്രട്ടറി കേരളകൗുമുദിയോട് പറഞ്ഞു. തിങ്കളാഴ്ചയേ അദ്ദേഹം ഇനി ഓഫീസിലെത്തൂ. അതേസമയം,​ ആരോഗ്യ സെക്രട്ടറി കളക്ടറുമായി സംസാരിച്ചെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ഉറപ്പുനൽകിയെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച തിരക്കേറിയ സർജറി ഒ.പിയിൽ രോഗികളെ പരിശോധിക്കുമ്പോഴാണ് ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിച്ചത്. കളക്ടറുടെ വീട്ടിൽ ഡോക്ടർക്ക് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. കളക്ടറുടെ നഖത്തിലെ പഴുപ്പ് വൃത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡോക്ടർ തിരിച്ചെത്തിയത്.