മലയിൻകീഴ്: അമ്മയും മകനും മാത്രം കഴിഞ്ഞിരുന്ന വീട്ടിൽ മകൻ മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും മാതാവ് അറിഞ്ഞില്ല. മലയിൻകീഴ് പഴയറോഡ് ശ്രീനിലയം വീട്ടിൽ പരേതനായ ജി.തങ്കപ്പന്റെ(റിട്ട.ദേവസ്വം ബോർഡ്) മകൻ ടി.ശ്രീകുമാറിനെയാണ് (55) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൽ നിന്ന് ദുർഗന്ധം പുറത്തയ്ക്ക് വന്നപ്പോഴാണ് ശ്രീകുമാർ മരിച്ച വിവരം സമീപവാസികൾ അറിയുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 26നുശേഷം ശ്രീകുമാറിനെ സമീപവാസികൾ ആരും കണ്ടിട്ടില്ലായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം നാട്ടുകാർ വാർഡ് അംഗം കെ.വാസുദേവൻനായരെ അറിയിച്ചശേഷമാണ് പൊലീസ് എത്തി വാതിൽ തുറന്ന് നോക്കിയത്.സമീപവാസികളുമായി അമ്മയ്ക്കും മകനും യാതൊരു ബന്ധവുമില്ലായിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ശാന്തികവാടത്തിൽ സാംസ്കരിച്ചു. മാതാവ് : സരസ്വതി.ഭാര്യ: പരേതയായ രജനികൃഷ്ണ.മക്കൾ: മിഥുൻ,മിഥുല.