വെള്ളനാട്: വെള്ളനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോഴിഫാം പഞ്ചായത്ത് പൂട്ടിച്ചു.പുതുമംഗലം അങ്കണവാടിക്ക് സമീപം ഇന്നലെ വൈകിട്ടോടെയാണ് പഞ്ചായത്ത് നടപടിയെടുത്തത്.ഫാമിലുണ്ടായിരുന്ന 2000 ത്തോളം കോഴികളെ പഞ്ചായത്ത് അധികൃതർ തന്നെ വിറ്റു.ഈ തുക പൂട്ടിയ ഫാമിന്റെ ഉടമയ്ക്ക് നൽകും.ഈച്ച ശല്യവും ദുർഗന്ധവും രൂക്ഷമായതോടെ സമീപവാസികൾ ഫാമിനെതിരെ രംഗത്തെത്തിയിരുന്നു.പഞ്ചായത്തും പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
ഫാമും പരിസരവും വ്യത്തിയാക്കുന്നതിനും ഈച്ചശല്യം ഒഴിവാക്കുന്നതിനും ഫാം ഉടമയ്ക്ക് പഞ്ചായത്ത് അനുവദിച്ച ദിവസം കഴിഞ്ഞ ദിവസം കഴിഞ്ഞു.പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾ, കോഴിഫാമുകൾ എന്നിവയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, അംഗങ്ങളായ കടുവക്കുഴി ബിജുകുമാർ,എൽ.ആശാമോൾ,പുതുക്കുളങ്ങര മണികണ്ഠൻ, സെക്രട്ടറി മിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.