തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ച് ആന്റണി രാജു എം.എൽ.എ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്,തിരുവനന്തപുരം ഡിവിഷണൽ മാനേജർ മനീഷ് തപ്ളിയാൽ എന്നിവർക്കാണ് കത്തയച്ചത്.

കേരള കൗമുദി പരമ്പര 'അവഗണനയുടെ ചൂളം വിളി'യുടെ ഭാഗമായാണ് കത്തയച്ചത്. യാത്രക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണിത്.ചരിത്ര പ്രധാനവും ഏറെ പ്രധാനപ്പെട്ടതുമായ പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാതെ ഔട്ടറിൽ പിടിച്ചിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പേട്ടയിലിറങ്ങിയാൽ മെഡിക്കൽ കോളേജ്,ശ്രീചിത്ര,ഡെന്റൽ കോളേജ്,എസ്.എ.ടി, ആർ.സി.സി,ജനറൽ ആശുപത്രി തുടങ്ങിയ പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലെത്താം.ഇതുകൂടാതെ നിയമസഭ,യൂണിവേഴ്സിറ്റി, പബ്ലിക്ക് ഓഫീസ്,വികാസ് ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ട്രെയിൻ പേട്ടയിൽ നിറുത്തിയാൽ ഉപയോഗമാകും. തമ്പാനൂരിലെ തിരക്ക് കുറയ്ക്കാനാകും.സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താം.ഔട്ടറിൽ പിടിച്ചിടുന്നത് ഒഴിവാക്കി പേട്ടയിൽ നിറുത്തിയാലും സമയം പാഴാകില്ല.

പലദിവസങ്ങളിലും പേട്ടയിൽ റിസർവേഷൻ ചെയ്യാൻ ജനത്തിരക്കേറെയാണ്.ആ തിരക്ക് കുറയ്ക്കാൻ പേട്ടയിൽ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങണം.സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിന് ഉപരി ഉദ്യോഗസ്ഥ പരിമിതിയും രൂക്ഷമാണ്.കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണം.സുരക്ഷയ്ക്കും ഉദ്യോഗസ്ഥരെ നിയോഗിക്കണം.ഇക്കാര്യങ്ങളിൽ നടപടിയുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.ഇതിന്റെ തുടർഇടപെടൽ നടത്തുമെന്നും ആന്റണി രാജു പറഞ്ഞു.