തിരുവനന്തപുരം: കരമനയിൽ യുവാവിനെ ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിലാണ് (26) കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്ത് കല്ലെടുത്തിടുകയും ചെയ്തുവെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് 4.45ന് മരുതൂർകടവിലായിരുന്നു സംഭവം. വീടിനോടു ചേർന്ന് അലങ്കാരമത്സ്യങ്ങൾ അടക്കം വിൽക്കുന്ന പെറ്റ്‌ഷോപ്പ് നടത്തുകയായിരുന്നു അഖിൽ. ഇവിടെ നിന്നാണ് ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം അഖിലിനെ ബലമായി പിടിച്ചുകൊണ്ടുപോയതെന്നു പൊലീസ് പറയുന്നു. ഒഴിഞ്ഞ പറമ്പിലെത്തിച്ച് കമ്പിയും കല്ലുംകൊണ്ട് ആക്രമിച്ചശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിക്കാൻ ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തു. അരമണിക്കൂറോളം കഴിഞ്ഞ് പ്രദേശവാസികളാണ് രക്തംവാർന്ന നിലയിൽ അഖിലിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരമനയിൽ അഞ്ചു വർഷം മുൻപ് നടന്ന മറ്റൊരു കൊലപാതക കേസിലെ പ്രതികളാണ് സംഭവത്തിനു പിന്നിലെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അഖിലും സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഒരാഴ്ച മുൻപ് പാപ്പനംകോടുള്ള ബാറിൽവച്ച് തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതികൾ അഖിലിനെ മർദ്ദിക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.