photo

നെയ്യാറ്റിൻകര:മാരായമുട്ടം പൊലീസ് സ്റ്റേഷൻ അസൗകര്യങ്ങൾക്കുനടുവിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോൾ സ്ഥാപിച്ചതാണീ പൊലീസ് സ്റ്റേഷൻ. കോൺഗ്രസ് നേതാവ് എം.എസ് അനിലിന്റെ താല്പര്യ പ്രകാരമാണ് ഇവിടെ സ്റ്റേഷൻ സ്ഥാപിച്ചത്. ആദ്യം പ്രവർത്തനം സ്റ്റേഷൻ വാടകകെട്ടിടത്തിലായിരുന്നു.

മാരായമുട്ടം ജംഗ്ഷനിൽ ഖാദി ബോർഡിന്റെ എണ്ണ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്ന 26 സെന്റ് സ്ഥലത്ത് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാം. ഈ സ്ഥലം ബാദ്ധ്യത പൂർണമായും തിർത്ത് ലഭിക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പണ അടയ്ക്കാൻ പഞ്ചായത്ത് തയ്യാറാണെങ്കിലും അത് അനന്തമായി നീളുകയാണ്. സ്ഥലത്തിനുമേൽ നിലവിലുള്ള ബാദ്ധ്യതകൾ തീർത്ത് പൊലീസ് സ്റ്റേഷൻ നിർമ്മിക്കണമെന്നാണ് പൊതുവായ ആവശ്യം.

 ഇരിക്കാൻ സ്ഥലമില്ല

സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് ജനമൈത്രി പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി വരുന്നവരുടെ സൗകര്യങ്ങൾക്കായി ഫ്രണ്ട് ഓഫീസ് സ്ഥാപിക്കണമെന്നാണ്. എന്നാൽ സ്ഥല സൗകര്യമില്ലാത്ത ഈ വാടക കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ് പോയിട്ട് പരാതിയുമായി എത്തുന്ന ഗർഭിണികൾ, അമ്മമാർ, വയോധികർ എന്നിവർക്ക് ഇരിക്കാൻ ഇരിപ്പിടം പോലുമില്ല.

തൊണ്ടി വാഹനം റോഡിൽ


പൊലിസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുറ്റം കുറവായതിനാൽ ഇവിടുത്തെ റോഡിലാണ് പൊലീസ് ജീപ്പ് പാർക്ക് ചെയ്യുന്നത്. തൊണ്ടി വാഹനങ്ങൾ ചെറിയ റോഡിലും. ഇരുവശത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ റോഡിൽക്കിടക്കുന്ന തൊണ്ടിവാഹനങ്ങൾ കാരണം മറ്റുയാത്രക്കാർക്ക് കടന്നുപോകാൻ വളരെ ബുദ്ധിമുട്ടാണ്.

 ടാർപ്പോളിൻ മറച്ച് വിശ്രമം

റോഡുവക്കിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഏകദേശം 30 പൊലീസുകാർ ഇവിടെ ജോലി ചെയ്യുന്നു അതിൽ 5 വനിതാ ഉദ്യോഗസ്ഥർ ഉണ്ട്. എല്ലാവർക്കുമായി ഒരു ബാത്ത്റൂമാണ് ഈ കൊട്ടിടത്തിലുള്ളത്. പരാതി നൽകാൻ വരുന്നവർക്ക് ബാത്ത് റൂമിൽ പോകാനുള്ള സൗകര്യംഇല്ല. വാടകകെട്ടിടം ശോചനീയാവസ്ഥയിലാണ്. സ്റ്റേഷന്റെ മുകൾ നിലയിൽ ടാർപോളിൽ സ്ഥാപിച്ച വിശ്രമകേന്ദ്രമാണ് ഉള്ളത്. താത്കാലികമായി ഒരു ടേബിൾ ഫാൻ മാത്രമേ വച്ചിട്ടുള്ളൂ, ഇതുകാരണം കൊടും ചൂടിൽ വിശ്രമം അസാദ്ധ്യമാണ്.

പ്രതികളും ഒപ്പം

പ്രതികളെ സൂക്ഷിക്കാൻ സെല്ലില്ലാത്തത് കാരണംകൃത്യനിർവഹണ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. സംശയകരമായ സാഹചര്യങ്ങലിലോ മറ്റ് കേസ്സുകളിലോ പെട്ട് പ്രതികളെ പടികൂടികൊണ്ടുവന്നുകഴിഞ്ഞാൽ ആപ്രതികളെ ഒപ്പമിരുത്തണം. പ്രതിയാണെന്നു തെളിഞ്ഞുകഴിഞ്ഞാൽ കോടതിയിലെത്തിക്കുന്നതിന് മുൻപ് അത്തരക്കാരെ നെയ്യാറ്റിൻകര സ്റ്റേഷനിൽ സൂക്ഷിക്കുകയാണ് പതിവ്.