തിരുവനന്തപുരം: വൈദ്യുതി ബിൽ കുറയ്ക്കാൻ സോളാർ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാൻ റെഗുലേറ്ററി കമ്മിഷൻ നെറ്റ് ബില്ലിംഗ് ഏർപ്പെടുത്തുന്നു. ബില്ലിംഗ് വ്യവസ്ഥകൾ മാറ്റില്ലെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുകൊടുത്ത് പുകമറ സൃഷ്ടിച്ച് കൊടുക്കൽ വാങ്ങൽ വ്യവസ്ഥകൾ മാറ്റുകയാണ്. ഇതിനാണ് റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി റഗുലേഷൻസ് - 2024 കൊണ്ടുവരുന്നത്. ഈ മാസം 15ന് രാവിലെ 11ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കുന്ന തെളിവെടുപ്പിനുശേഷം ഭേദഗതി നടപ്പാക്കും.
മാർച്ച് 20ന് ഇതിനായി നടത്തിയ തെളിവെടുപ്പ് ഉപഭോക്താക്കളുടെ എതിർപ്പുമൂലം പൂർത്തിയാക്കാനായില്ല.ഉപഭോക്താക്കൾ ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതി അവർ നൽകുന്ന സോളാർ വൈദ്യുതിയുമായി തട്ടിക്കിഴിച്ച് അധികം ഉപയോഗിച്ചതിനുമാത്രം ബില്ല് നൽകുന്നതാണ് നിലവിലെ സമ്പ്രദായം. സോളാറിലേക്കു ജനങ്ങളെ ആകർഷിച്ചതും ഇതാണ്. ബിൽത്തുക കാര്യമായി കുറഞ്ഞു.ഇരുവിഭാഗത്തിലെയും വൈദ്യുതി യൂണിറ്റ് ആധാരമാക്കിയുള്ള ഇടപാട് വേണ്ടെന്നാണ് ഭേദഗതി. പകരം, വൈദ്യുതി വില ആധാരമാക്കി ഇടപാട് നടത്തും
കെ.എസ്.ഇ.ബി വൈദ്യുതിക്ക് ഉയർന്ന വിലയും ഉപഭോക്താക്കൾ നൽകുന്ന സോളാർ വൈദ്യുതിക്ക് കുറഞ്ഞ വിലയുമാണ് നിശ്ചയിച്ചിരിക്കുന്നത്.കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്ക് മുഴുവൻ തുകയും കണക്കാക്കും. സോളാറിനും അതുപോലെ കണക്കാക്കും. കെ.എസ്.ഇ.ബിയുടെ ബിൽത്തുക എപ്പോഴും വളരെ കൂടുതലായിരിക്കും. സോളാർ വില കിഴിച്ചുള്ള തുകയുടെ ബില്ലുകൾ വന്നുകൊണ്ടിരിക്കും. സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 2.69രൂപയും കെ.എസ്.ഇ.ബി വൈദ്യുതിക്ക് ശരാശരി 4.20 രൂപയുമാണ് വില. പുനരുപയോഗ ഉൗർജ്ജ റെഗുലേഷനിലെ 21,26 ചട്ടങ്ങൾ നിലനിറുത്തുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണം. മാറ്റം ഉപഭോക്താക്കൾക്ക് വൻതിരിച്ചടിയാണെന്ന വസ്തുതയിൽ കമ്മിഷൻ മൗനം പാലിക്കുകയാണ്.
നിലവിലെ സംവിധാനം (മാതൃക)
സോളാർവൈദ്യുതി..........................180 യൂണിറ്റ്
വീട്ടിലെഉപയോഗം........................... 200 യൂണിറ്റ്
അധിക ഉപയോഗം..............................20യൂണിറ്റ്
20 യൂണിറ്റിന് ദ്വൈമാസ ബിൽ..........126രൂപ
ഭേദഗതി വരുത്തുമ്പോൾ
സോളാർ വൈദ്യുതി...........................180യൂണിറ്റ്
നിശ്ചയിക്കുന്ന വില............................484രൂപ
വീട്ടിലെ ഉപയോഗം............................200യൂണിറ്റ്
കെ.എസ്.ഇ.ബി ബിൽ.......................:857രൂപ
അടയ്ക്കേണ്ട തുക..................................373രൂപ
രണ്ട് ബില്ലിലെയും
വ്യത്യാസം.............................................247 രൂപ