nurse
ഡ്യൂട്ടിക്കിടെ വിപിൻ ചാണ്ടി.

തിരുവനന്തപുരം: അഞ്ച് വർഷങ്ങൾക്ക് മുൻപാണ് വിപിൻ ചാണ്ടിയെന്ന നഴ്സിന്റെ ജീവിതം മാറിമറിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്ന വിപിനെ വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വേട്ടയാടി. ഇരുപത് ദിവസം വെന്റിലേറ്ററിൽ... ബോധം വന്നപ്പോൾ ഇടതുകാലില്ല. രണ്ടുമാസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്കു മടങ്ങി. പിന്നെ ഒരു കാലില്ലാതെയുള്ള ജീവിതം. വേദനയുടെ കഠിനപാത താണ്ടിയ വിപിൻ ചാണ്ടി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലുണ്ട്, ചികിത്സയ്ക്കായല്ല. കൃത്രിമ കാൽ പേറുമ്പോഴും കരുത്തുചോരാത്ത ശരീരവും തോറ്റുപോകാത്ത മനസുമായി നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി രോഗികളെ പരിചരിക്കുകയാണ് അദ്ദേഹം.

2018 സെപ്തംബർ 30ന് ഉച്ചയ്ക്ക് ചങ്ങനാശേരി ളായിക്കാട് വച്ചായിരുന്നു വിപിൻ അപകടത്തിൽപ്പെട്ടത്. വിപിന്റെ കാലിൽ കയറിയാണ് ടോറസ് ലോറി നിന്നത്. അരമണിക്കൂറോളം അങ്ങനെ കിടന്നു. ചങ്ങനാശേരി എസ്.എൻ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് അതുവഴി വന്ന ഡോക്ടർ ദമ്പതികൾ വിപിന്റെ രക്ഷകരായി. ഉടൻ ആംബുലൻസ് വിളിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചു. വിപിൻ നേരത്തെ അവിടെ ജോലി ചെയ്തിരുന്നതിനാൽ ജീവനക്കാർ തിരിച്ചറിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ വിവരം അറിയിച്ചു. രാത്രിയോടെ വിപിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുവഴികളില്ലാതെ ഇടതുകാൽ മുറിച്ചു. ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ച ദിവസങ്ങൾ. വീൽചെയർ ജീവിതത്തിൽ നിന്ന് രക്ഷനേടാൻ കൃത്രിമ കാൽ വയ്ക്കാൻ ശ്രമം തുടങ്ങി. സ്വകാര്യ കമ്പനിയുടെ സഹായത്തോടെ കാൽ വച്ചു. പിന്നെ മാസങ്ങൾ നീണ്ട പരിശീലനം.

കൊവിഡ് കാലത്ത് രോഗികൾക്ക് തുണ

2015ൽ സർവീസിൽ പ്രവേശിച്ചശേഷം ഓപ്പറേഷൻ തീയേറ്ററിൽ ഉൾപ്പെടെ സജീവമായിരുന്ന വിപിൻ ഇനി മടങ്ങിവരുമോയെന്ന് ആശങ്കപ്പെട്ടിരുന്നവരെ അമ്പരപ്പിച്ച് 2019 ഏപ്രിലിൽ തിരികെയെത്തി. കൊവിഡ് കാലത്ത് ഉൾപ്പെടെ രോഗികൾക്ക് വേണ്ട സഹായവുമായി മുന്നിലുണ്ടായിരുന്നു. ഇപ്പോൾ മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗത്തിലാണ് ഡ്യൂട്ടി.

തിരുവല്ല പൊടിയാടി ചക്കാലയിൽ പി.എം.ചാണ്ടിയുടെയും മോളി ചാണ്ടിയുടെയും മകനാണ്. ഭാര്യ രേഷ്മ കെ.ജോസഫും നഴ്സാണെങ്കിലും ഭർത്താവിന്റെ അപകടവും കുടുംബസാഹചര്യവും കാരണം ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഏഴുവയസുകാരൻ മാനുവലും ഒന്നരവയസുകാരി ഇസയും മക്കളാണ്.

പൊലിഞ്ഞ ഐ.എ.എസ് സ്വപ്നം

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായ ശേഷമാണ് വിപിനെ തേടി അപകടം എത്തിയത്. ആശുപത്രിവാസത്തിനിടെ മെയിൻ പരീക്ഷ കടന്നുപോയി. സൈക്യാട്രിയിൽ എം.എസ്.സി നഴ്സിംഗ് പാസായ വിപിൻ ആശുപത്രിയിൽ രോഗികൾക്കും ജീവനക്കാർക്കും ആരോഗ്യവിഷയങ്ങളിൽ ക്ലാസെടുക്കുന്നുണ്ട്. കേരള ഗവ.നഴ്സസ് യൂണിയൻ കോട്ടയം ജില്ലാ പ്രസിഡന്റുകൂടിയാണ്.

ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും പക്ഷേ മനസിനെ പിടിച്ചു നിറുത്താനായാൽ തിരിച്ചുവരാം.അതാണ് എന്റെ ജീവിതം.

-വിപിൻ ചാണ്ടി