തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂര കൊലപാതകമാണ് കഴിഞ്ഞ ദിവസം കരമനയിൽ നടന്നത്. മരുതൂർകടവ് പ്ലാവില വീട്ടിൽ അഖിലിനെ ഇന്നലെ വൈകിട്ട് 5ഓടെയാണ് കരമന മരുതൂർ കടവിൽ നടുറോഡിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.അതിക്രൂരമായാണ് അഖിലിനെ കൊലപ്പെടുത്തിയതെന്ന് സി.സിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ പരിശോധിച്ചാൽ കമ്പിവടി കൊണ്ട് പ്രതികളിലൊരാൾ 30 ലധികം തവണ അഖിലിനെ മർദ്ദിക്കുന്നത് വ്യക്തമാണ്.കൂടുതൽ അടിയും തലയ്ക്കാണ്.ഇതുകൂടാതെ ഒന്നാം പ്രതി അപ്പു എന്ന അഖിൽ 10 കിലോയിലധികം വരുന്ന ഹോളോബ്രിക്സ് കട്ട അഖിലിന്റെ ശരീരത്തിലേയ്ക്ക് 6 തവണ ആഞ്ഞെറിഞ്ഞു.രണ്ടുപ്രാവശ്യം തലയിലേയ്ക്കും മൂന്നുപ്രാവശ്യം നട്ടെല്ലിനും ഒരു പ്രാവശ്യം വയറ്റിലും ഹോളോബ്രിക്സ് കൊണ്ട് ആഞ്ഞെറിയുന്നത് ദൃശ്യങ്ങളിൽ കാണാം.അഖിലിന് അനക്കമില്ലെന്ന് കണ്ടതോടെയാണ് പ്രതികൾ ആക്രമണം നിറുത്തി രക്ഷപ്പെട്ടത്.
2019ൽ അനന്തു ഇന്ന് അഖിൽ...
2019ൽ കരമന തളിയിൽ സ്വദേശി അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം അഖിലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സമാനമായ രീതിയിൽ ക്രൂരമായി ആക്രമിച്ചായിരുന്നു 2019 മാർച്ചിൽ അനന്തു ഗിരീഷിനെയും കൊലപ്പെടുത്തിയത്.ഇതിനും കാരണമായത് മുൻ വൈരാഗ്യമായിരുന്നു.കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു.തുടർന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്തുവിനെ തട്ടിക്കൊണ്ടുപോയി കാടുപിടിച്ച് കിടന്ന സ്ഥലത്തെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.റോഡരികിലെ ഒരു ബേക്കറിയിൽ നിൽക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലഹരി നൽകി ഒരുദിവസം മുഴുവൻ പീഡിപ്പിച്ചായിരുന്നു കൊലപാതകം.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നാലെ പുറത്ത് വന്നിരുന്നു.
പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ
മദ്യത്തിനും മാരകമായ മയക്കുമരുന്നിനും അടിമകളാണ് പ്രതികളെന്ന് അനന്തു വധക്കേസിൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു.അനന്തുവിന്റെ രണ്ട് കൈഞരമ്പുകളും മുറിച്ചു.കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു.അനന്തുവിന്റെ തലയിലും കൈയിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉണ്ടായിരുന്നത്.തലയോട്ടി തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കരിക്ക്,കല്ല്,കമ്പ് എന്നിവ മർദ്ദനത്തിന് ഉപയോഗിച്ചതായി കണ്ടെത്തി.ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.വിഷ്ണുരാജ്,ഹരിലാൽ,വിനീത് കൃഷ്ണ,അനീഷ്,അഖിൽ,വിജയരാജ്,ശരത് കുമാർ,മുഹമ്മദ് റോഷൻ,സുമേഷ്,അരുൺ ബാബു,അഭിലാഷ്,റാം കാർത്തിക,വിപിൻ രാജ് എന്നിവരായിരുന്നു അനന്തു വധക്കേസിലെ പ്രതികൾ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വിഷ്ണുരാജ്,വിജയരാജ് എന്നിവർക്കെതിരെ പോക്‌സോ കേസടക്കമുണ്ട്.