ശംഖുംമുഖം: വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച അരക്കോടിയിലധികം വിലവരുന്ന സ്വർണവുമായി ഒരാളെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അധികൃതർ പിടികൂടി. ശനിയാഴ്ച രാവിലെ ദൂബായിൽ നിന്നും എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ തമിഴ്നാട് കടയനെല്ലൂര്‍ സ്വദേശി അബ്ദുൽഖാദറാണ് പിടിയിലായത്. 326.4ഗ്രാം തൂക്കം വരുന്ന സ്വർണം ക്യാപ്സൂൾ മാതൃകയിലാക്കി മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഈ വിമാനത്തിൽ സ്വർണം കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ശരീരത്തിനുള്ളിൽ നിന്നും വൈദ്യസാഹയത്തോടെ പുറത്തെടുത്ത സ്വർണം വേർതിരിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 23.43 ലക്ഷം രൂപ വിലവരും.
കഴിഞ്ഞ വ്യാഴാഴ്ച ഷാർജയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ 401ഗ്രാമോളം തൂക്കംവരുന്ന സ്വർണം കട്ടിംഗ് ചെയിനുകളാക്കി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിമാനം ലാൻഡിംഗ് നടത്തി യാത്രക്കാർപുറത്ത് ഇറങ്ങിയതിന് പിന്നാലെ വിമാനത്തിനുള്ളിൽ ക്ലീനിംഗ് ജീവനക്കാർക്കൊപ്പം കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഇതിന് വിപണിയിൽ 28.15ലക്ഷത്തോളം രൂപ വിലവരും.