ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് വീണ്ടും അപകടം. ബോട്ടിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടു. ശക്തമായ തിരയിൽ ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ച് വീണു.പൂത്തുറ സ്വദേശി മനോജ് (50),ഒഡിഷ സ്വദേശി വിക്രം (36) എന്നിവരാണ് കടലിൽ വീണത്.ഇവർ നീന്തി രക്ഷപ്പെട്ടു.

ബോട്ടിലുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി ഫ്രാങ്ക്ളിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴരയോടെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

പൂത്തുറ സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള സങ്കീർത്തനം എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻജിനും വള്ളത്തിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.

ഈ വർഷം നടക്കുന്ന ഒമ്പതാമത്തെ അപകടമാണിത്. അഴിമുഖത്ത് അടിക്കടി ബോട്ട് അപകടങ്ങൾ നടക്കുന്നതിൽ ക്ഷുഭിതരാണ് മത്സ്യത്തൊഴിലാളികൾ. അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.ഇവിടെ എക്സ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിനംപ്രതി മണൽ നീക്കം ചെയ്യുന്നതിനെക്കാൾ കൂടുതൽ മണൽ ഇവിടെ അടിഞ്ഞു കൂടാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇവിടെ ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം സുഗമമാക്കാമെന്ന ആവശ്യവും ഇനിയും സാക്ഷാത്കരിച്ചിട്ടില്ല. മുൻകാലങ്ങളിൽ മൺസൂൺ കാലഘട്ടത്തിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്. ഇക്കുറി മൺസൂണിന് മുൻപ് തന്നെ അപകടങ്ങൾ പതിവായതിൽ കടുത്ത പ്രതിഷേധത്തിലാണ് തൊഴിലാളികൾ.