വിഴിഞ്ഞം: അപ്രതീക്ഷിതമായി ഗൃഹനാഥന് ഉണ്ടായ വീഴ്ചയിലും മക്കളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് ഈ അമ്മയുടെ നിശ്ചയദാർഢ്യമാണ്. കിടാരക്കുഴി നാലുകെട്ടായമേക്കരി വീട്ടിൽ ജി. ഷീജയെന്ന 42കാരിയായ വീട്ടമ്മ ഇവരുടെ ഇളയ മകൾ സാന്ദ്രയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചു. പിന്നാലെ വന്ന പ്ലസ് ടു പരീക്ഷയിൽ രണ്ടാമത്തെ മകൻ സന്ദീപ് കുമാറിന്റെ റിസൾട്ടും എത്തി. 4 എ പ്ലസും 2 എ യും. അഞ്ച് വർഷം മുൻപ് സുരേഷ് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു പരിക്കേറ്റു. സംഭവത്തിനു ശേഷം സുരേഷ് എഴുന്നേറ്റിട്ടില്ല. വീട്ടിലെ ബുദ്ധിമുട്ടുകളും പരിമിതികളും മറികടന്ന് മക്കളെ പഠിക്കാനുള്ള സംവിധാനങ്ങൾ അമ്മ ഷീജ ഒരുക്കി. ചെറിയ കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന വരുമാനമാണ് ആകെയുള്ളത്. സാന്ദ്രയുടെ ചേച്ചി സംവൃത കോഴിക്കോട് ഡെന്റൽ അസി.ഡിപ്ലോമയ്ക്ക് പഠിക്കുന്നു. സുരേഷിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ചെലവായ തുക ബാദ്ധ്യതയായി കുടുംബത്തിനുമേലുണ്ട്. ചികിത്സയും വീട്ടുചെലവും മക്കളുടെ പഠനവും എല്ലാത്തിനുമായി ഷീജയുടെ വരുമാനം തികയില്ലെന്നറിയാം. എങ്കിലും മക്കളെ പഠിപ്പിക്കണമെന്ന ആഗ്രഹം മാത്രമാണ് ഷീജയ്ക്കുള്ളത്. ഇവരെ കൈപിടിച്ചുയർത്താൻ ഷീജയ്ക്ക് കൈത്താങ്ങായി സുമനസുകൾ കനിയണം. ഗൂഗിൾ പേ നമ്പർ: 7306184381