പൊലീസ് പ്രതിയെ അരിച്ചുപെറുക്കുന്നതിനിടെ വീടിന് തീയിട്ടത്
തിരുവനന്തപുരം: പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വീടിന് തീവച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയും സംഘവും പിടിയിൽ. കഠിനംകുളം സ്വദേശിയായ പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് (42), മുരുക്കുംപുഴ സ്വദേശികളായ അനു (28), ബിജു (36) എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം കഠിനംകുളം മംഗലപുരം പൊലീസ് സ്റ്റേഷനുകളിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട പഞ്ചായത്ത് ഉണ്ണിയാണ് (രതീഷ്) കൽപനകോളനിക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലന്റെ വീടിന് വെള്ളയാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. വീടു പൂർണമായും കത്തിയമർന്നു. പഞ്ചായത്തുണ്ണിയുടെ ഭീഷണി കാരണം വീട്ടുടമയായ സ്റ്റാലൻ ഇവിടെനിന്ന് മാറി താമസിക്കുകയാണ്. തീയിട്ട ശേഷം കൂട്ടാളികളുമായി ഒളിവിൽ പോയ ഇയാളെ ഇന്നലെ വെളുപ്പിന് മുരുക്കുംപുഴയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. സ്റ്റാലന്റെ മാതാവിന്റെ വീട് കയറി അക്രമിച്ചത് പൊലീസിൽ കേസ് കൊടുത്തതിനുള്ള വിരോധമാണ് വീടിന് തീയിട്ടത്.
അഞ്ചു ദിവസം മുമ്പ് മറ്റൊരു വീട് കയറി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും രണ്ടു ആക്രമണങ്ങൾ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. വെള്ളിയാഴ്ച രാത്രി ഇയാൾ സ്ഥലത്തെത്തിയ വിവരമറിഞ്ഞ് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പാർവ്വതി പുത്തനാർ നീന്തിക്കടന്ന് ഇയാൾ രക്ഷപ്പെട്ടു. തുടർന്നായിരുന്നു മറുകരയിലുള്ള സ്റ്റാലന്റെ വീടിന് തീയിട്ടത്. പൊലീസും കഴക്കൂട്ടം അഗ്നിശമന സേനയും ചേർന്ന് തീയണച്ചെങ്കിലും വീട് പൂർണമായും കത്തിയമർന്നു. രണ്ടു സ്റ്റേഷനുകളിലുമായി നാൽപതോളം കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ ആക്ടിൽ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.