നെയ്യാറ്റിൻകര: ഫോൺ വിളിക്കാൻ നൽകിയില്ലെന്ന കാരണത്താൽ വീട്ടമ്മയെയും ഭർത്താവിനെയും മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര പൊലീസ് പിടികൂടിയ അവണാകുഴി സ്വദേശി പ്രകാശിനെ (25) കോടതി റിമാൻഡ് ചെയ്തു. അതിയന്നൂർ താന്നിമൂട് എ.വി ഹൗസിൽ ഷാജിയെയും (56) ഷീലയെയും (50) ആണ് ഇയാൾ നടു റോഡിൽ കയ്യേറ്റം ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കമുകിൻകോട് കുരിശടിയുടെ മുന്നിലാണ് സംഭവം. ബൈക്കിന്റെ ടയർ പഞ്ചറായെന്നും സഹോദരനെ വിളിക്കാൻ ഫോൺ വേണമെന്നും പ്രകാശൻ ഷാജിയോടെ ആവശ്യപ്പെട്ടു. പക്ഷേ കാൽ മണിക്കൂർ ശ്രമിച്ചിട്ടും പ്രകാശിന് ശരിയായ നമ്പർ പറയാൻ കഴിഞ്ഞില്ല. ഇതോടെ ദമ്പതികൾ അവിടെ നിന്നും പോകാൻ സ്കൂട്ടറിൽ കയറിയതും പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു.