a

വക്കം: നിലയ്ക്കാമുക്ക് പണയിൽകടവ് റോഡ് പണി തുടങ്ങിയിട്ട് ഏകദേശം രണ്ട് മാസത്തോളമായി. നിരവധി പരാതികൾക്കും സമരത്തിനുമൊടുവിലാണ് പി.ഡബ്യു.ഡി റോഡ് പണി ആരംഭിച്ചത്. നിലയ്ക്കാമുക്കിനും ആങ്ങാവിളയ്ക്കും ഇടയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയുന്നതിനായി ഇരുവശങ്ങളിലെയും ഓടയുടെ ഉയരം കൂട്ടുകയും ഈ ഉയരത്തിനനുസരിച്ച് മെറ്റലും പാറപ്പൊടിയും ഇട്ട് പ്രദേശത്തെ റോഡിന് ഉയരം കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസം മുമ്പ് വാട്ടർ സപ്ലെെ അർബൻ അഗ്ലോമേഷന്റെ പെെപ്പ് സ്ഥാപിക്കുന്നതിനായി ഈ പ്രദേശത്തെ റോഡിന് സമീപത്തുകൂടി കുഴിയെടുത്ത് പെെപ്പ് സ്ഥാപിച്ചു പോയി. നിലവിൽ പെെപ്പ് സ്ഥാപിക്കാനായി എടുത്ത മണ്ണും മെറ്റലും തിരികെ ഇടാത്തതുമൂലം ഈ ഭാഗം മറ്റൊരു ഓടയ്ക്ക് സമാനമായി. താരതമ്യേന വീതി കുറഞ്ഞ പ്രദേശമാണ് നിലയ്ക്കാമുക്ക് റോഡ്. ഇരു വശത്തുനിന്നും വാഹനങ്ങൾ വന്നാൽ ഇതുമൂലം കടന്നുപോകാൻ വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. വാട്ടർഅതോറിട്ടി പെെപ്പ്‌ലെെൻ പൊട്ടിയ ഭാഗം നന്നാക്കിയതിന് ശേഷം കുഴി മൂടാത്തതും ഈ പ്രദേശത്ത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പി.ഡബ്യൂ.ഡി പണി തുടങ്ങിയ സമയത്ത് കരാറുകാരൻ രാവിലെയും വെെകുന്നേരവും പൊടി ശമിപ്പിക്കുന്നതിനായി പ്രദേശത്ത് വെള്ളം തളിക്കുമായിരുന്നു. എന്നാൽ വാട്ടർ സപ്ലെെ പണി തുടങ്ങിയതിന് ശേഷം ഈ പതിവ് മുടങ്ങി. സമീപവാസികൾ പൊടിമൂലം വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. മഴക്കാലമായാൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ് നിലയ്ക്കാമുക്ക് മുതൽ ആങ്ങാവിള വരെ. വാട്ടർ സപ്ലെെ നിലവിൽ എടുത്ത കുഴികൾ മൂടാതിരുന്നാൽ നിരവധി അപകടങ്ങൾ പ്രദേശത്ത് ഉണ്ടാകുമെന്നതിൽ സംശയമില്ല. റോഡ് പണി തുടങ്ങിയപ്പോൾ സന്തോഷിച്ച പ്രദേശവാസികൾ തീരാദുഖത്തിലാണ് ഇപ്പോൾ കഴിയുന്നത്.