1

വിഴിഞ്ഞം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീദേവീക്ഷേത്രത്തിലെത്തിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹത്തിനു പിന്നിൽ ഒരു കുഞ്ഞു മനുഷ്യന്റെ കഷ്ടപ്പാടുണ്ട്. നാലടി മാത്രം ഉയരമുള്ള ജയ്പൂർ സ്വദേശി മുകേഷ് ബാദ്വാജാണ് (42) മൂന്നുവർഷത്തെ കഠിനപരിശ്രമം കൊണ്ട് ആദിപരാശക്തി വിഗ്രഹം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ നിന്നും 23 അടി ഉയരമുള്ള വിഗ്രഹം പൗർണമിക്കാവിൽ എത്തിച്ചത്.

പരമ്പരാഗതമായി ശില്പ നിർമ്മാണ കുടുംബമാണ് മുകേഷിന്റേത്. മുകേഷിന്റെ മാതാപിതാക്കളും സഹോദരിയും ഉയരം കുറഞ്ഞരാണ്. തന്റെ ഉയരക്കുറവിന് പരിഹാരമെന്നോണം തനിക്ക് ലഭിച്ച നിയോഗമാണ് വിഗ്രഹ നിർമ്മാണമെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റക്കല്ലിൽ കറുത്ത മാർബിളിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. രാജ മാതംഗി, ദുർഗാദേവീ, നന്തി എന്നീ വിഗ്രഹങ്ങളും ഇവിടെ എത്തിച്ചു. ക്രയിനുകളുടെ സഹായത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവ സ്ഥാപിച്ച് ശ്രീകോവിൽ കെട്ടി പ്രതിഷ്ഠാ ചടങ്ങുകൾ നടത്തും. ഉയരം കുറഞ്ഞയാൾ നിർമ്മിച്ച ഏറ്റവും വലിയ വിഗ്രഹമെന്ന റെക്കാഡ് നേടാനുള്ള ശ്രമത്തിലാണ് അധികൃതർ.