l

തിരുവനന്തപുരം: കുമാരപുരം ടാഗോർ ഗാർഡൻസിലെ ഹൗസിംഗ് ബോർഡ് ഫ്ലാറ്റിന്റെ മതിലിലേക്ക് തൊട്ടടുത്തുള്ള കോവിലിലെ ആൽമരം അപകടകരമാം വിധം ചാഞ്ഞ് നിൽക്കുന്നതായി പരാതി.ആൽമരത്തിന്റെയും അരശിന്റെയും വേരുകൾ ഊർന്നിറങ്ങി കരിങ്കൽ മതിൽ പൊട്ടിപ്പൊളിഞ്ഞെന്നും വേരുകൾ തുളച്ച് കയറി കെട്ടിടത്തിന്റെ അടിവശത്ത് വിള്ളലുകൾ വീണെന്നുമാണ് പരാതി.മഴ ശക്തമായാൽ മരം ഫ്ലാറ്റിലേക്ക് വീഴുമെന്നാണ് ടാഗോർ നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ ആശങ്ക.മൂന്നുനിലകളിൽ ആറു ഫ്ലാറ്റുകളിലായി പ്രായമായവർ ഉൾപ്പെടെ 12 അംഗങ്ങളാണുള്ളത്.ഫ്ലാറ്റിന് 50 വർഷത്തിലധികം പഴക്കമുണ്ട്.മരത്തിലെ ഇല വീണ് ഓവുകൾ അടഞ്ഞെന്നും മുകൾനിലയിൽ ചോർച്ചയുണ്ടെന്നും പരാതിയുണ്ട്.അതേസമയം,100 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിതെന്നും ദേവപ്രശ്നം നടത്താതെ ആൽമരം മുറിക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നും ക്ഷേത്രഭാരവാഹി പറഞ്ഞു.മതിൽ ഇടിച്ചു പുതുക്കിപ്പണിയാൻ ക്ഷേത്ര ഭാരവാഹികൾ തയ്യാറായെങ്കിലും പകുതി ചെലവ് വഹിക്കാൻ അസോസിയേഷൻ വിസമ്മതിച്ചെന്നാണ് ആരോപണം.ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ മുറിക്കാൻ ക്ഷേത്രം തയ്യാറാണ്.എന്നാൽ മരം പൂർണമായും മുറിക്കണമെന്ന് അസോസിയേഷൻ പറയുന്നതിൽ കഴമ്പില്ലെന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു.