ബറോസിനൊപ്പം സെപ്തംബർ 12ന്അജയന്റെ രണ്ടാം മോഷണവും ഒരുങ്ങുന്നു
ഇത്തവണ ഒാണം ത്രിഡിയുടെ സമ്പന്നതയിലാണ്. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് സെപ്തംബർ 12ന് റിലീസ് ചെയ്യും. ടൊവിനോ തോമസ് നായകനായി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണവും സെപ്തംബർ 12ന് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അങ്ങനെ സംഭവിച്ച രണ്ട് ത്രിമാന ചിത്രങ്ങൾ ഒരേദിവസം ഏറ്റുമുട്ടും. പലതവണ റിലീസ് മാറ്റിവച്ച ബറോസ് ആരാധകർക്കുള്ള മോഹൻലാലിന്റെ ഒാണ സമ്മാനം കൂടിയാണ്. ഏറെ വർഷങ്ങൾക്കുശേഷമാണ് ഒാണത്തിന് മോഹൻലാൽ ചിത്രം എത്തുന്നത്. കാമറയ്ക്കും മുൻപിലും പിൻപിലും മോഹൻലാൽ എത്തുന്നതാണ് ബറോസിന്റെ സവിശേഷതകളിലൊന്ന്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ബറോസ് ഒരുങ്ങുന്നത്. റീ റെക്കോർഡിംഗിന്റെ പ്രധാന ഭാഗം ലൊസാഞ്ചലിൽ പൂർത്തിയായിരുന്നു. സ്പെഷ്യൽ എഫ്‌ക്‌ട് ഇന്ത്യയിലും തായ്‌ലാൻഡിലുമാണ് ചെയ്യുന്നത്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം.
പാൻ ഇന്ത്യൻ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണവും ഒരുങ്ങുന്നത്. മൂന്ന് ഗെറ്റപ്പുകളിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കൃതിഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സഖറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം.