സൂര്യ നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ജോജു ജോർജ് എത്തുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു ജോർജ് തമിഴിൽ എത്തുന്നത്. 2021 ൽ നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രത്തിൽ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ഇംഗ്ളീഷ് നടൻ ജയിംസ് കോസ്മോ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഗ്യാങ്‌സ്റ്റർ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. മണിരത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫിലും ജോജു ജോർജ്പ്ര ധാന വേഷത്തിൽ എത്തുന്നുണ്ട്. ഡൽഹിയിൽ തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യമായാണ് ജോജു മണിരത്നം - കമൽഹാസൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. അതേസമയം സൂര്യ- കാർത്തിക് സുബ്ബരാജ് ചിത്രത്തിന് സന്തോഷ് നാരായണൻ ആണ് സംഗീതം. ജഗമേ തന്തിരത്തിന് സംഗീതം ഒരുക്കിയതും സന്തോഷ് നാരായണനാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സൂര്യയുടെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം ബോബി ഡിയോൾ തമിഴ് അരങ്ങേറ്റം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പ്രതിനായക വേഷത്തിലാണ് ബോബി ഡിയോൾ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക.
1000 വർഷങ്ങൾക്കുമുൻപുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.