വർക്കല: വേനൽമഴ ശക്തമായിട്ടും വർക്കലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ല. രണ്ടാഴ്ചയിലേറെയായി വർക്കലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം ലഭിച്ചിട്ട്. നഗരസഭയിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ വെള്ളം കിട്ടാക്കനിയാണ്. ജനുവരി പകുതിയോടെ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റി. കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ. വാട്ടർ കണക്ഷൻ ഇല്ലായിരുന്ന എല്ലാ വീടുകളിലും ജലജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ കണക്ഷനുകൾ നൽകിയെങ്കിലും പല ടാപ്പുകളിലും വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. നേരത്തെ രണ്ട് ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം ലഭിച്ചിരുന്നത് ഇപ്പോൾ പൂർണമായി നിലച്ച അവസ്ഥയിലാണ്. വാമനപുരം നദിയിൽ നീരൊഴുക്ക് കുറഞ്ഞതാണ് പമ്പിംഗ് നിലയ്‌ക്കാനും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനും കാരണമായത് എന്നാണ് വാട്ടർ അതോറിട്ടി നൽകുന്ന വിശദീകരണം. ടാങ്കറുകളിൽ വെള്ളം എത്തിച്ചുകൊണ്ട് ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലുള്ള ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി കുടിവെള്ളക്ഷാമം പരിഹാരത്തിനുതകുംവിധം പദ്ധതികൾ വർഷാവർഷം ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നതല്ലാതെ നാളിതുവരെ യാതൊന്നും യാഥാർത്ഥ്യമായിട്ടില്ല.
അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല
വാമനപുരം പുരവൂരിൽ സ്ഥിതിചെയ്യുന്ന പമ്പിംഗ് സ്റ്റേഷനിലെ ഏഴോളം പമ്പുകളിൽ അഞ്ചെണ്ണം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രവർത്തനരഹിതമാണ്. ജലനിരപ്പ് താഴുന്നതിന് അനുസൃതമായി പമ്പ്ഹൗസിലെ പൈപ്പുകൾ യഥാസമയം താഴ്‌ത്തി സ്ഥാപിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടില്ല. ഇതുകാരണമാണ് പമ്പിംഗ് പൂർണമായി നിലച്ചതെന്നും ആക്ഷേപമുണ്ട്.
പരിശോധനകളില്ല
ദിവസവും പണം കൊടുത്ത് ടാങ്കറിൽ വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ് വർക്കലയിലേത്. കുടിവെള്ളം എന്ന ലേബലിൽ സ്വകാര്യ ടാങ്കറുകളിൽ എത്തുന്ന ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധനകൾ ഇല്ലാത്തത് ആശങ്കാജനകമാണ്. വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളം എവിടെനിന്നാണ് ശേഖരിക്കുന്നത് എന്നുപോലും വ്യക്തമല്ല. വാഹനസൗകര്യമില്ലാതെ ഉൾപ്രദേശങ്ങളിലെ താമസക്കാർക്ക് ടാങ്കർവെള്ളം ലഭിക്കുന്നതിനും നിർവാഹമില്ല.
തൊടുവേ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു
നഗരസഭ പ്രദേശങ്ങളിൽ ജലക്ഷാമത്തിന് പരിഹാരമായി കണ്ടിരുന്ന തൊടുവേ കുടിവെള്ള പദ്ധതി അനാഥമായിട്ട് 20 വർഷത്തിലേറെയായി. സാങ്കേതിക പ്രശ്നങ്ങളും മുട്ട് ന്യായങ്ങളും നിരത്തി പദ്ധതി അവതാളത്തിലാക്കിയതിൽ അന്നത്തെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കാര്യമായ പങ്കുണ്ട്. ഏതുകാലത്തും സുലഭമായി ജലം ലഭിച്ചിരുന്ന ഈ പദ്ധതി തിരികെ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.