തിരുവനന്തപുരം: തൈക്കാട് ആർട്സ് കോളേജ് വളപ്പിലുള്ള കൂറ്റൻ മഹാഗണി കാറ്റിൽ കടപുഴകി. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വർഷങ്ങൾ പഴക്കമുള്ള മരം വേരോടെ കടപുഴകിയത്. ആളപായമില്ലെങ്കിലും തൊട്ടടുത്തുള്ള വീടിനും ഹരേകൃഷ്ണ ആശ്രമത്തിനും ഭാഗിക നാശനഷ്ടമുണ്ടായി. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുകളും മരത്തിനടിയിൽപ്പെട്ടു. ഫയർഫോഴ്സെത്തിയാണ് ശിഖരങ്ങൾ മുറിച്ചുമാറ്റി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. രണ്ടു ബൈക്കുകളും പൂർണമായി തകർന്നു. ശിഖരം പതിച്ച് ആശ്രമത്തിന്റെ ഷീറ്റു മേഞ്ഞ മേൽക്കൂര തകർന്നു. തൊട്ടടുത്തെ വീടിനും കേടുപാടുകളുണ്ട്. വീട്ടുകാർ മണിക്കൂറുകളോളം വീടിനുള്ളിൽ അകപ്പെട്ടു.

ചെങ്കൽച്ചൂള യൂണിറ്റിൽനിന്ന് അസിസ്റ്റൻഡ് സെക്ഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിഖരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും മരം പൂർണമായും നീക്കാനായിട്ടില്ല. ക്രെയിനും വിദഗ്ദ്ധതൊഴിലാളികളെയും ഉപയോഗിച്ച് മാത്രമേ മരം മുറിച്ചുനീക്കാനാകു എന്ന് ഫയർഫോഴ്സ് അറിയിച്ചു.