j

തിരുവനന്തപുരം: ആർ.എം.പിയെ ഇല്ലാതാക്കാനുള്ള സി.പി.എം നീക്കത്തെ എന്തുവിലകൊടുത്തും യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർ.എം.പിയുടെ ഉദയത്തോടെ വടകരയിൽ സി.പി.എം അന്ത്യത്തിന് തുടക്കമായി. അതിനാലാണ് ടി.പിയെപോലെ ആർ.എം.പിയെയും ഇല്ലാതാക്കാൻ സി.പി.എം ശ്രമിക്കുന്നത്. ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് പ്രതിഷേധാർഹമാണ്. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. 'മാപ്പ് പറയലിൽ തീരില്ല' എന്ന സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ടു തന്നെ ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണെന്നും സതീശൻ പറഞ്ഞു.