തിരുവനന്തപുരം : ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കരമന മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലിനെ (26) നടുറോഡിൽ ക്രൂരമായി തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളടക്കം അഞ്ചുപേർ കൂടി അറസ്‌റ്റിലായി.
ഒന്നാം പ്രതി കൈമനം നിറമൺകര പൂന്തോട് ലക്ഷം വീട്ടിൽ വിനീഷ് രാജ് (വിനീത് 25), രണ്ടാം പ്രതി കൈമനം അരകുത്തുവിള വീട്ടിൽ അഖിൽ (അപ്പു 26), മൂന്നാം പ്രതി സുമേഷ്, തിരുവല്ലം സ്വദേശി ഹരിലാൽ (27), തിരുമല സ്വദേശി കിരൺ കൃഷ്‌ണൻ (25) എന്നിവരെയാണ് കരമന പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ആദ്യത്തെ മൂന്നു പ്രതികളാണ് കൊലപാതകം നടത്തിയത്. വാടകയ്ക്കു കാർ എടുത്ത നാലാം പ്രതി പുഞ്ചക്കരി നിരപ്പിൽ കൃഷ്‌ണകൃപയിൽ അനീഷിനെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്ത‌ിരുന്നു.ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. ഗൂഢാലോചനയിൽ പങ്കുള്ള അരുൺബാബു. അഭിലാഷ് എന്നിവരെയാണ് പിടികൂടാനുള്ളത്. അഖിൽ ഹരിലാൽ, വിനീഷ്, സുമേഷ് എന്നിവർ അനവധിക്കേസുകളിൽ പ്രതികളാണ്. കിരൺ കരമന സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിലുണ്ട്. മുഴുവൻ പ്രതികളും ലഹരിക്ക്അടിമകളും കൊടുംക്രിമിനലുകളുമാണെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പട്ടാപ്പകലാണ് വീടിന് സമീപത്ത് വച്ച് ഹോളോബ്രിക്സ് കട്ടകളും കമ്പിയും ഉപയോഗിച്ചു അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസം രാത്രി 10ന് അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ബാറിൽ ഏറ്റുമുട്ടിയിരുന്നു. ബാറിലേക്ക് കയറുമ്പോൾ വാതിലിൽ നിന്ന് മാറിക്കൊടുക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. അന്ന് പ്രതികളുടെ കൂട്ടത്തിലുണ്ടായിരുന്ന കിരണിനും അഖിലിനും കല്ല് കൊണ്ട് മർദ്ദനമേറ്റിരുന്നു. എന്നാൽ, പരാതി നൽകിയില്ല. ബാറിന് പുറത്തെ ഗ്രൗണ്ടിൽ വച്ചാണ് അടിപിടി ഉണ്ടായതെന്നാണ് ബാർ അധികൃതർ പൊലീസിനോട് പറഞ്ഞത്. സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അനന്തുകൊലക്കേസിൽ ഉൾപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിൽ ആക്രമണം ഉണ്ടാകുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം.

കിരൺ ഒഴികെ മറ്റ് പ്രതികളെല്ലാം 2019ൽ തിരുവനന്തപുരം നഗരത്തെ ‌ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് പത്തൊമ്പതുകാരനായ അനന്തുവിനെ മർദ്ദിച്ച് കൊന്നത്.