മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 887 ഗ്രാം സ്വർണം പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിൽ. വിപണിയിൽ 63 ലക്ഷത്തിലധികം വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 8.30ന് മസ്‌ക്കറ്റിൽ നിന്നും ഒമാൻ എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് (28) ആണ് വിമാനത്താവളത്തിന് പുറത്ത് പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിൽ മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് കടത്തിക്കൊണ്ടുവന്ന സ്വർണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്ന കുറ്റ്യാടി സ്വദേശികളായ സജീർ (32), അബു സാലിഹ് (36) എന്നിവരാണ് കസ്റ്റഡിയിലായ മറ്റ് രണ്ടുപേർ.
ഇവർ സഞ്ചരിച്ച താർ വാഹനവും പ്രതിഫലമായി നൽകാൻ കരുതിയ 70,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റ്യാടി സ്വദേശി റംഷാദിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.