ഹഫദ് ഫാസിൽ നായകനായി മികച്ച വിജയം നേടുന്ന ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ സജിൻ ഗോപു നായകനാവുന്നു. നവാഗതനായ ശ്രീജിത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിൻ ഗോപു നായകനാവുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ആർ ഡി. എക്സ് എന്ന ചിത്രത്തിൽ പീറ്റർ എന്ന വില്ലൻ കഥാപാത്രമായി തിളങ്ങിയ ശ്രീജിത് നായർ ആവേശം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം ജൂണിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആവേശത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രങ്കൻ ചേട്ടൻ എന്ന കഥാപാത്രത്തിന്റെ വലംകൈയായി പ്രവർത്തിച്ച അമ്പാടി എന്ന വിളിപ്പേരുള്ള അമ്പാൻ പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്. ആഗോളതലത്തിൽ 151 കോടി പിന്നിട്ട ആവേശം ഇപ്പോഴും തിയേറ്ററിലുണ്ട്. സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ സജിൻ ഗോപു ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, ചാവേർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ആവേശം സിനിമയാണ് കരിയറിൽ വഴിത്തിരിവാകന്നുത്. ഏറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ബേസിൽ ജോസഫ് നായകനാക്കി കലാസംവിധായകൻ ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായകനായാണ് സജിൻ ഗോപു എത്തുന്നത്. ലിജോ മോൾ ആണ് നായിക.