1

കഴക്കൂട്ടം/ പോത്തൻകോട്: കഴക്കൂട്ടത്ത് ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരന് തലയ്‌ക്കടിയേറ്റു. ഉത്സവ ഡ്യൂട്ടിക്കായി എ.ആർ ക്യാമ്പിൽ നിന്നെത്തിയ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് (35) തലയ്ക്ക് കമ്പിവടി കൊണ്ട് അടിയേറ്റത്. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശികളായ വിവേക് (26), സനിൽ (28), ദീപു (27), വിദ്യാധരൻ (57), സജിത്ത് (39), അജിത്ത് (52) എന്നിവരെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. അമ്പലത്തിൻകരയിൽ ഉത്സവശേഷം കൂടിനിന്നവരെ പിരിച്ചുവിടുന്നതിനിടെയാണ് പൊലീസിനു നേരെ ആക്രമണം ഉണ്ടായത്. പ്രതികൾ പൊലീസിനെ മർദ്ദിക്കുകയും കമ്പി കൊണ്ട് റിയാസിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. മുറിവേറ്റ റിയാസിനെ ഉടനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയിൽ രണ്ട് തുന്നലുണ്ട്.

അതേസമയം ഉത്സവമേഖലയിലെ മറ്റൊരിടത്ത് ഉത്സവം കാണാനെത്തിയവരുടെ കാർ ഒരു സംഘം കത്തിച്ചതായി പരാതിയുണ്ട്. അപകടകരമായ രീതിയിൽ കാറോടിച്ചതിന് യാത്രക്കാരും സ്ഥലവാസികളും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീട് ക്ഷേത്രത്തിനു സമീപത്ത് പാർക്ക് ചെയ്ത കാർ ഇന്നലെ രാവിലെയോടെ കത്തിനശിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.