വിഴിഞ്ഞം: കല്ലിയൂർ പഞ്ചായത്തിൽ കൂവരക് വിളവെടുപ്പ് നടന്നു. ആശ്രയ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള കൃഷിയുടെ വിളവെടുപ്പ് പള്ളിച്ചൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ് നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും സുയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
വർഷങ്ങളായി അന്യം നിന്ന കൂവരക് കൃഷി വീണ്ടും പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മൂന്ന് ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പിലാക്കിയത്. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിപ്രകാരം രൂപീകരിച്ച ആറ് കൃഷിക്കൂട്ടങ്ങളാണ് കല്ലിയൂർ പഞ്ചായത്തിൽ കൂവരക് കൃഷി ചെയ്യുന്നത്. ഇവിടെ ഉത്പാദിപ്പിച്ച റാഗി സംസ്കരിച്ച് റാഗി പൗഡർ ആയും പുട്ടുപൊടിയായും അധികം വൈകാതെ കൃഷിഭവൻ ഇക്കോ ഷോപ്പ് ഓൺലൈൻ മാർക്കറ്റ് മുഖേന ആവശ്യക്കാരിലേക്ക് എത്തിക്കുമെന്ന് കൃഷി ഓഫീസർ സ്വപ്ന പറഞ്ഞു. കല്ലിയൂരിന്റെ സ്വന്തം ബ്രാൻഡ് ആയ കല്ലിയൂർ ഗ്രീൻസ് എന്ന ലേബലിൽ ആയിരിക്കും റാഗി ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നത്. കൃഷി ഓഫീസർ സി.സ്വപ്ന കൃഷി, അസിസ്റ്റൻഡുമാരായ രമണി.കെ, അനിൽകുമാർ.ജെ.എസ്, ആശ എന്നിവർ പങ്കെടുത്തു.