പ്രതികളെല്ലാം റിമാൻഡിൽ

തിരുവനന്തപുരം : കരമനയിൽ അഖിലിലെ (26) ദാരുണമായി കൊന്നു തള്ളിയ കേസിൽ അവസാനത്തെ രണ്ടു പ്രതികൾ കൂടി പിടിയിലായി. ഇതോടെ കേസിൽ എട്ടു പ്രതികളും അറസ്റ്റിലായി. ആറാം പ്രതി കരമന അരശുംമൂട് സ്വദേശി അഭിലാഷ് (35), കരമന തളിയിൽ അരശുംമൂട് സ്വദേശി അരുൺബാബു (27) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. ഇവർക്ക് ഗുഡാലോചനയിലും പ്രതികളെ രക്ഷിച്ചതിലും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
കേസിലെ പ്രധാന പ്രതികളായ കൈമനം പുത്തൻതോപ്പിൽ ലക്ഷംവീട്ടിൽ വീനിഷ് രാജ് എന്ന് വിളിക്കുന്ന വിനീത് (25) , രണ്ടാം പ്രതി കൈമനം അരകത്ത് വിളവീട്ടിൽ സ്വദേശി അഖിൽ അപ്പു(26), മൂന്നാം പ്രതി പെരിങ്ങമല മംഗലത്ത് കോണം രമ്യ ഭവനിൽ സുമേഷ്(30) എന്നിവരെടയക്കം അഞ്ച് പേരെയും റിമാൻഡ് ചെയ്തു. ഇവർ മൂന്നു പേരും ചേർന്നാണ് അഖിലിനെ ആക്രമിച്ചത്. അഖിൽ അപ്പുവാണ് കോൺക്രീറ്റ് കല്ലുപയോഗിച്ച് അഖിലിനെ ക്രൂരമായി ആക്രമിച്ചത്. വിനീഷാണ് കമ്പുപയോഗിച്ച് അഖിലിന്റെ തല അടിച്ച് പൊട്ടിച്ചത്.
2019 ലെ കരമനയിൽ അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവരെല്ലാം. ഈ കേസിൽ നെടുമങ്ങാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതിയിൽ ഹാജരായി തിരികെ വരുമ്പോഴാണ് അഖിലിനെ കൊലപ്പെടുത്തിയത്.
കോടതിയിൽ നിന്ന് തിരികെ കരമനയിലെത്തി അഭിലാഷിന്റെ വീട്ടിൽ പ്രതികൾ ഒരുമിച്ചിരുന്നു മദ്യപിച്ചു. തുടർന്ന് മരുതൂർ കടവ് പാലത്തിന് സമീപത്ത് വച്ചാണ് അഖിലിനെ കൊലപ്പെടുത്തിയത്..