തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി ജൂൺ 12ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.പേരൂർക്കട സോപാനം കോംപ്ലക്സിന് മുന്നിൽ നടക്കുന്ന ഉദ്ഘാടനത്തിൽ ഗാർഹിക ഗുണഭോക്താക്കൾക്കുള്ള കൺസ്യൂമർ കാർഡുകൾ വിതരണം ചെയ്യും. മെഡിക്കൽ കോളേജ്, പട്ടം, മുട്ടട വാർഡുകളിൽ പൂർണമായും കേശവദാസപുരം, കുറവൻകോണം, കവടിയാർ,പേരൂർക്കട,നന്ദൻകോട്, ശാസ്തമംഗലം, കാഞ്ഞിരംപാറ എന്നീ വാർഡുകളിൽ ഭാഗീകമായും ആദ്യഘട്ടത്തിൽ ഗ്യാസ് വിതരണം ചെയ്യും.പ്രമുഖ പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എല്ലിലേയ്ക്കും ആദ്യഘട്ടത്തിൽ പൈപ്പിലൂടെ ഗ്യാസ് എത്തും.സ്മാർട്ട് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്ന ശാസ്തമംഗലം പേരൂർക്കട റോഡിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.ആദ്യഘട്ടത്തിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാപിക്കുന്ന 60 കി.മീ ദൈർഘ്യമുള്ള പൈപ്പ് ലൈനിലൂടെ 12000 കണക്ഷനുകൾ നൽകാൻ കഴിയുമെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ അറിയിച്ചു.