അമ്പലപ്പുഴ സി.പി. ശ്രീകുമാറിന്റെ 'വയലിലെ കുയിലുകൾ" എന്ന കവിതാ സമാഹാരം 1955-ൽ പ്രസിദ്ധീകൃതമായതാണ്. കവിയുടെ മകൻ, എസ്. ഗോപാലകൃഷ്‌ണപിള്ള അച്ഛന്റെ സ്‌മരണകൾക്കു മുമ്പിൽ ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ടാണ് 2024-ൽ ഈ സമാഹാരം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുപതോളം വർഷങ്ങൾക്കു മുമ്പുള്ള കവിതയുടെ ശാലീനതയും ആധുനിക കവിതയിലെ പദവിന്യാസ രീതിയും കൗതുകകരമാണ്. പ്രകൃതിയിലെ പരമാർത്ഥതകളെ ബോധപൂർവം കവി വിഷയമാക്കി കൈകാര്യം ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ്.
പാടത്തു പണിയെടുത്തിരുന്നവരുടെ ജീവിതത്തെക്കുറിച്ച് ഗൗരവപൂർവം കവി അന്ന് ചിന്തിച്ചിരുന്നത് കവിതകളിൽ ജ്വലിച്ചുനില്ക്കുന്നതു കാണാം. രചനാവേളകളിൽ അന്നത്തെ പുലരിയും വിതയും മഴയും കൊയ്‌ത്തും കറ്റമെതിപ്പാട്ടുകളും കുടിലുകളിലെ നൃത്തച്ചുവടുകളും കൂടെ ചെങ്കൊടിയും ഒക്കെയായി കവിയുടെ കാലത്തെ ജീവിതചിത്രം സുഭിക്ഷമാക്കിയിരിക്കുന്നു.
സ്വന്തം വീട്ടിൽ ജീവിത ക്ളേശങ്ങളുടെ പട്ടിക നിരക്കുമ്പോൾ 'കുട്ടിയായ മകൻ" സത്യദീപപ്രകാശമായ് പാരിനെ ഉദ്ധരിച്ചെന്നും ഹരിശ്ചന്ദ്രനാകണം" തുടങ്ങിയ വിശുദ്ധ കല്പനകൾ മകനെപ്പറ്റി കുറിച്ചിട്ടിരിക്കുന്ന ഭാഗം വികാരാവർത്തനങ്ങളുടെ രംഗങ്ങളാണ്. ആ മകൻ തന്നെയാണ് കവിതാ സമാഹാരത്തിന്റെ പുനഃപ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നതും.
- ആർ.എസ്
കൗച്ച് പൊട്ടറ്റോ
ഖൈറുന്നിസ
കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളിൽ നിന്ന് ഒരു കുഞ്ഞ് ഉരുളക്കിഴങ്ങ് വീട്ടിലെ സോഫയ്ക്കിടയിലേയ്ക്ക് വീഴുന്നു. ആരും ശ്രദ്ധിക്കാതെ പോകുന്ന 'കൗച്ച് പൊട്ടറ്റോ" വീട്ടിൽ നടക്കുന്നതെല്ലാം കാണുന്നു, കേൾക്കുന്നു. ഇതിനിടയിൽ തിളക്കമുള്ളൊരു കമ്മലും സോഫയിൽ പെടുന്നു. വീട്ടുകാർ കമ്മൽ തിരഞ്ഞെങ്കിലും ഉരുളക്കിഴങ്ങിനെ മറന്നു. താൻ സോഫയ്ക്കിടയിലാണെന്ന് വീട്ടുടമസ്ഥരെ അറിയിക്കാനുള്ള അതിന്റെ രസകരമായ ശ്രമങ്ങൾ... ഖൈറുന്നിസയുടെ 'ദി കൗച്ച് പൊട്ടറ്റോ, ഹു സെഡ് ഔച്ച് ആൻഡ് അതർ ഫണ്ണി സ്റ്റോറീസ്" എന്ന കഥാസമാഹാരം നർമ്മം മർമ്മമാക്കിയ കഥകളുടെ വായനാനുഭവമാണ് സമ്മാനിക്കുന്നത്.
എന്നാൽ വെറുതേ ചിരിച്ചുകളയുന്നതിനപ്പുറം കുട്ടികളെയും മുതിർന്നവരെയും ഈ കഥകൾ ഒരുപോലെ ചിന്തിപ്പിക്കും. നിസാരമെന്നു കരുതുന്ന പലതും എഴുത്തുകാരി ഭാവന കോർത്തിണക്കി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിലെ അസാധാരണത്വം കണ്ടെത്താൻ അനുവാചകർ ശ്രമിക്കും. വെറുമൊരു തുമ്മൽ പോലും കഥയ്ക്കുള്ള ഇതിവൃത്തമാണ്. ലോകം നീലയായിക്കണ്ട നീലിമയും ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന നിഷയും വായനക്കാരെ വല്ലാതെ ചിരിപ്പിക്കും.
മൊബൈലും ഇന്റർനെറ്റും അധികം പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത്, ട്വിങ്കിൾ മാസികയിൽ ബട്ടർഫിംഗേഴ്സ് എന്ന കഥയിലൂടെ അമർ എന്ന നായകനെ സൃഷ്ടിച്ചയാളാണ് കഥാകാരി. കഥകളിലേക്ക് അനുവാചകരെ കൊളുത്തിവലിക്കുന്ന ചിത്രങ്ങളും പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 'കുട്ടികൾക്കുള്ള കഥകൾ എന്നൊന്ന് ഇല്ല. എന്റെ വായനക്കാരിലധികവും മുതിർന്നവരാണ്..." ചെറുപുഞ്ചിരിയോടെ ഖൈറുന്നിസ പറയുന്നു. ഓൾ സെയിന്റ്സ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നു ഖൈറുന്നീസ്. ഭർത്താവ് പി. വിജയകുമാർ വിമൻസ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മുൻ മേധാവി.
പ്രസാധകർ: റെഡ് പാൻഡ