ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ആറ്റിങ്ങൽ നഗരസഭാ മത്സ്യമാർക്കറ്റ് അവഗണനയിൽ. മാർക്കറ്റിന്റെ നവീകരണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഈ വാഗ്ദാനങ്ങളൊന്നും വെട്ടം കണ്ടില്ല. ചന്ത പ്രസിദ്ധമായതിനാൽ മുൻകാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും നൂറുകണക്കിനാളുകൾ ദിനംപ്രതി വില്ക്കാനും വാങ്ങാനും ഇവിടെ എത്തിയിരുന്നു. ആറ്റിങ്ങലിൽ ട്രാൻസ്പോർട്ട് സ്റ്റാൻഡിനു പിന്നിൽ സ്വകാര്യമാർക്കറ്റ് സജീവമായതോടെയാണ് കച്ചേരിനടയിലെ നഗരസഭാമാർക്കറ്റ് തകരാൻ തുടങ്ങിയത്. അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ മത്സ്യ വില്പനയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച മത്സ്യ സ്റ്റാളുകൾ ഇന്ന് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. മാർക്കറ്റ് വിജനമായതോടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവുമായി മാറി.
മത്സ്യസ്റ്റാൾ നിർമ്മിച്ചപ്പോൾത്തന്നെ ഇവിടെ മത്സ്യക്കച്ചവടത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. മലിനജലം ഒഴുക്കിക്കളയാനുള്ള സൗകര്യം അടക്കം നിരവധി പോരായ്മകൾ കച്ചവടക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം മാത്രമാണ് ഇവിടെ മാർക്കറ്റ് പ്രവർത്തിച്ചത്. പിന്നിട് ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളിൽ കശാപ്പിന് കൊണ്ടുവരുന്ന കന്നുകാലികളെ കെട്ടിയിടുന്ന സ്ഥലമായി. ടൗണിൽ പലയിടങ്ങളിലും വഴിയോരക്കച്ചവടവും അനധികൃത ചന്തകളും വന്നതോടെ കച്ചേരിനടയിലെ മാർക്കറ്റിന്റെ പ്രസക്തിയും ഇല്ലാതായി.