തിരുവനന്തപുരം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എം.ജി സർവകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ആദ്യ 150റാങ്കിൽ എം.ജിയടക്കം 5 ഇന്ത്യൻ വാഴ്സിറ്റികളാണുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു വാഴ്സിറ്റി എം.ജിയാണ്.
ഏഷ്യൻ റാങ്കിംഗിൽ ചൈനയിലെ സിൻഹുവ,പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ഇതിൽ എം.ജി വാഴ്സിറ്റി 134-ാം സ്ഥാനത്താണ്. അധ്യാപനം,ഗവേഷണം,വിജ്ഞാന കൈമാറ്റം,രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചികകൾ പരിഗണിച്ചാണ് റാങ്കിംഗ്. ആഗോള തലത്തിലെ 739 സർവകലാശാലകളാണ് റാങ്ക് പട്ടികയിലുള്ളത്.
ദേശീയ അക്രഡിറ്റേഷൻ (നാക്) ഗ്രേഡിംഗിൽ എം.ജിക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. പഠനം,ഗവേഷണം,സംരംഭകത്വ വികസനം,വിദേശ സർവവകലാശാലകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലെ മുന്നേറ്റമാണ് മികച്ച റാങ്ക് നേട്ടത്തിന് പിന്നിൽ. എം.ജി വാഴ്സിറ്റിയെ മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു.
''ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾക്കുള്ള അംഗീകാരമാണിത്. എല്ലാ സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തിന് ഇത് ഊർജ്ജം പകരും''
ഡോ.ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി