കല്ലമ്പലം: പെരുവന്താനം കാറപകടത്തിൽപ്പെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ ഇന്ന്‍ സംസ്കരിക്കും. കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനു സമീപം വിളയിൽവീട്ടിൽ ഷിബുവിന്റെ മകൾ ഭദ്ര (18), ഭാര്യാ സഹോദരി പാരിപ്പള്ളി ലക്ഷ്മി നിവാസിൽ പ്രിൻസിന്റെ ഭാര്യ സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ പത്തരയോടെ വീട്ടുവളപ്പുകളിൽ സംസ്കരിക്കുന്നത്. കഴിഞ്ഞ 9 നാണ് നാവായിക്കുളത്തു നിന്ന് വാഗമണിൽ വിനോദയാത്ര പോയ ആറംഗ സംഘത്തിന്റെ കാർ ഇടുക്കിയിൽ പെരുവന്താനം കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് 600 അടി കൊക്കയിലേക്ക് മറിഞ്ഞാണ് ഇരുവരും മരിച്ചത്.
പരിക്കേറ്റ് പാലാ മാർ സ്ലീവ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബു (45), ഭാര്യ മഞ്ജു (42), മകൾ ഭാഗ്യ (12),സിന്ധുവിന്റെ മകൻ ആദിദേവ് (21) എന്നിവർ ഇന്നലെ വൈകിട്ട് ആശുപത്രി വിട്ടതോടെയാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഏറ്റെടുത്ത് ഇന്ന്‍ സംസ്കരിക്കുന്നത്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുന്നതുവരെ മരണ വിവരം അറിയിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇന്നലെയാണ് മരണവിവരം ബന്ധുക്കൾ ഇവരെ അറിയിച്ചത്.
വിദേശത്തായിരുന്ന ഷിബു നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. ഇതിനിടെ കുടുംബത്തോടെ ടൂർ പോയതായിരുന്നു. ഷിബുവാണ് വാഹനം ഓടിച്ചിരുന്നത്. തിരികെ വരുമ്പോഴായിരുന്നു അപകടം. എഴിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ഭദ്ര. ഫലം അറിയുന്നതിനുമുൻപേ മരണം കവർന്നു. 83 ശതമാനം മാർക്കുണ്ടായിരുന്നു.
ഫോട്ടോകൾ
ഭദ്ര
സിന്ധു