കോഴിക്കോട്: ആർ.എം.പി.ഐ നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം നടത്തിയത് സി.പി.എമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ. ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അദ്ദേഹം പരസ്യമായി മാപ്പു പറഞ്ഞതാണ്. എന്നാൽ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. പാർട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയും നിലവിലെ ബോംബേറും കൂട്ടിവായിക്കാവുന്നതാണെന്നും പ്രവീൺകുമാർ പറഞ്ഞു. പാനൂരിൽ സി.പി.എം നിർമ്മിച്ച ബോംബ് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. പാർട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയാൽ ഇതിന്റെ ബാക്കി കിട്ടിയേക്കും. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വിജയം മുന്നിൽ കണ്ട് സി.പി.എം ഇനി എന്തെല്ലാം കലാപം നടത്തുമെന്നതിൽ ആശങ്കയുണ്ടെന്നും പ്രവീൺകുമാർ പറഞ്ഞു.

വടകരയിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വർഗീയ പ്രചരണം നടത്തിയ സംഭവത്തിലെ യഥാർത്ഥ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വടകര എസ്.പി ഓഫീസിന് മുന്നിൽ സമരം നടത്തും. നടപടിയില്ലെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ യു.ഡി.എഫ് എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും പ്രവീൺകുമാർ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത്,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ പങ്കെടുത്തു.