മലയിൻകീഴ്: മാറനല്ലൂർ കൂവളശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.ക്ഷേത്രത്തിനു സമീപം അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ ജയയുടെ (58) മൃതദേഹമാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഏകമകൻ ബിജു കെ.നായരെ (31) മാറനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ജയ ദീർഘനാളായി ചികിത്സയിലായിരുന്നു. ജയയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഊരൂട്ടമ്പലത്തെ പച്ചക്കറിക്കടയിലെ ജീവനക്കാരനാണ് ബിജു. മദ്യപിച്ചെത്തുന്ന ബിജു നിരന്തരം അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു.
ഇന്നലെ ബിജുവാണ് അമ്മയ്ക്ക് ചലനമില്ലെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്.തുടർന്ന് ഇവർ കൂവളശേരി വാർഡ് അംഗം ആന്റോയേയും അദ്ദേഹം പൊലീസിനെയും അറിയിക്കുകയായിരുന്നു.
കട്ടിലിൽ കിടക്കുന്ന നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. അമ്മ തറയിൽ വീണതിനാൽ എടുത്ത് കട്ടിലിൽ കിടത്തിയെന്നാണ് ബിജു പൊലീസിനോടു പറഞ്ഞത്. ഇയാൾ മദ്യലഹരിയിലായിരുന്നു. ജയയുടെ തലയിലും മുഖത്തും വലതു ചെവിയുടെ ഭാഗത്തും മുറിവുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഫോട്ടോ: മരിച്ച ജയ, മകൻ ബിജു കെ.നായർ