arrest

ചാലക്കുടി: മേലൂർ നടത്തുരുത്തിൽ ബൈക്കിൽ കൊണ്ടുപോയിരുന്ന 2.3 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ചാലക്കുടി എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആലുവ പാറപ്പുറം സ്വദേശി അലൻ(22), കുന്നത്തുനാട് താണിപ്പുഴക്കര കുറ്റൂക്കാരൻ ഷാനു (22) എന്നിവരെയാണ് ഇൻസ്‌പെക്ടർ എസ്.സമീറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എക്‌സൈസുകാരെ കണ്ടതോടെ ഇവർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ പൊളിത്തീൻ കവറിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തി. അങ്കമാലിയിൽ ഇതര സംസ്ഥാനക്കാരായ ഏജന്റിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് അറസ്റ്റിലായ യുവാക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.