ആലക്കോട്: ഇരുകാലുകളും തളർന്ന ഭിന്നശേഷിക്കാരനായ വൃദ്ധനെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് ഉദയഗിരി നിവാസികൾ. ഉദയഗിരി പുല്ലരിക്കടുത്തുള്ള തൊമരക്കാട്ടെ കുമ്പുക്കൽ ദേവസ്യ (തങ്കച്ചൻ 76) യാണ് ഞായറാഴ്ച സന്ധ്യയ്ക്ക് കൊല്ലപ്പെട്ടത്.

ദേവസ്യ അവിവാഹിതനാണ്. സഹോദരി അന്നക്കുട്ടി ഉൾപ്പെടെ നാല് പേരാണ് റോഡിൽ നിന്നും കുറച്ചകലെയായുള്ള ഈ വീട്ടിൽ ദേവസ്യയ്ക്കൊപ്പം കഴിഞ്ഞുവന്നത്. അന്നക്കുട്ടിയുടെ മകനായ സൈമോൻ തളിപ്പറമ്പിനടുത്തുള്ള ആടിക്കുംപാറയിലാണ് താമസം. നാടുകാണിയിലെ എളമ്പേരംപാറയിൽ മത്സ്യവിൽപ്പന നടത്തുന്ന സൈമോൻ കർണാടക സ്വദേശിനിയായ യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യയുമൊത്ത്ത് ഇയാൾ ഇടയ്ക്ക് തൊമരക്കാട്ടെ വീട്ടിലും വന്ന് താമസിക്കാറുണ്ട്. മദ്യപാനിയായ സൈമോൻ ഇവിടെ വന്നാൽ ബഹളം പതിവാണത്രെ.

ഞായറാഴ്ച വൈകീട്ട് തൊമരക്കാട്ടെ വീട്ടിലെത്തിയ സൈമോൻ കുടുംബാംഗങ്ങളുമായി ബഹളമുണ്ടാക്കുകയും കട്ടിൽ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ഇതിനെ ദേവസ്യ ചോദ്യം ചെയ്തതിൽ പ്രകോപിതനായ സൈമോൻ തടിക്കഷ്ണം കൊണ്ട് ദേവസ്യയെ ദേഹമാസകലം അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റു ചോര വാർന്ന് ദേവസ്യ വീടിനുള്ളിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു. രാത്രി 8 മണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. സ്ഥലത്തെത്തിയ ആലക്കോട് പൊലീസ് ദേവസ്യയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂർ മുമ്പ് ദേവസ്യ മരിച്ചു.

കൊലപാതകം നടത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സൈമോനെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. യാതൊരുവിധ ജീവിതമാർഗ്ഗങ്ങളുമില്ലാത്ത ദേവസ്യയും സഹോദരങ്ങളും നാട്ടുകാരുടെ സഹായം കൊണ്ടാണ് കഴിഞ്ഞു വന്നത്. ഉദയഗിരി പഞ്ചായത്ത് ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യവസ്തുക്കൾ നൽകി വരുന്നു. ഉദയഗിരി ഇടവകയിൽ നിന്നുമാണ് ഇവർക്ക് വീട് നിർമ്മിച്ച് നൽകിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ ദേവസ്യയുടെ മൃതദേഹം ഉദയഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.

ആലക്കോട് എസ്.എച്ച്.ഒ. എ.അനിൽകുമാർ സൈമോന്റെ അറസ്റ്റ് ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.