ഊട്ടി: ഗുരു നിത്യചൈതന്യയതിയുടെ 25ാമത് സമാധി വാർഷികം ഊട്ടിയിലെ ഫേൺഹിൽ ഗുരുകുലത്തിൽ ആചരിച്ചു.യതിയുടെ സമാധിദിനവും ജന്മശതാബ്ദി വർഷവും കൂടിയായതിനാൽ വിശേഷാൽ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. രാവിലെ ഹോമത്തോട് കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്. സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തി.
പ്രധാന ഹാളിൽ സ്വാമി വ്യാസപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗുരുപൂജ മഹോത്സവത്തിന് തുടക്കമായി.
കാഞ്ഞങ്ങാട് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ യതി മുഖ്യപ്രഭാഷണം നടത്തി. ആദ്ധ്യാത്മികത പഠിക്കേണ്ട വിഷയമല്ലെന്നും അത് നാം ജീവിച്ചു കൊണ്ടിരിക്കുന്ന ജീവിതം തന്നെയാണെന്നും സ്വാമി മുക്താനന്ദയതി പറഞ്ഞു.ഗുരു നിത്യചൈതന്യയതിയുടെ ഏകലോകവീക്ഷണത്തെക്കുറിച്ചും വിദ്യാഭ്യാസ ദർശനത്തെക്കുറിച്ചും തമിഴ്നാട് മുനിസിപ്പൽ ഡയറക്ടർ ഡോ.ജി.എസ്. സമീരൻ വിശദീകരിച്ചു. തന്റെ സ്കൂൾ കാലം മുതൽ ഇതു വരെയുള്ള ഹൃദയത്തിൽത്തൊട്ട സംഭവങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ശശിചന്ദ്ര (കോയമ്പത്തൂർ), സി.എച്ച്.മുസ്തഫമൗലവി എന്നിവർ പ്രസംഗിച്ചു. നീലഗിരി ഡോക്യുമെന്റേഷൻ ഓണററി ഡയറക്ടർ വേണുഗോപാൽ ധർമ്മലിംഗം ഗുരുഅനുസ്മരണം നടത്തി. ഉച്ചയ്ക്ക് ശേഷം ജയകല സനൽകുമാറിന്റെ സംഗീതകച്ചേരിയും കരുണാസാഗരിയും സംഘവും (കോയമ്പത്തൂർ) അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി. വൈകിട്ട് സമാധിയിൽ ദീപം തെളിച്ച് സന്ധ്യാ പ്രാർത്ഥനയും നടത്തി.