നെടുമങ്ങാട്: പട്ടാപ്പകൽ കൈത്തറി വില്പനശാലയിൽ കടന്ന് പണം മോഷ്ടിച്ച് മുങ്ങിയ മോഷ്ടാവിനെ ജീവനക്കാരൻ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് ചന്തമുക്ക് - കച്ചേരി റോഡിലെ കളമച്ചൽ കൈത്തറി സഹകരണ സംഘം ഡിപ്പോയിലായിരുന്നു സംഭവം.
ജീവനക്കാരൻ സുധിലാൽ പുറത്തിറങ്ങിയ തക്കത്തിന് വെള്ളനാട് ഉണ്ടപ്പാറ സ്വദേശി ഷറഫാണ് അടച്ചിരുന്ന നിരപ്പലക വാതിൽത്തുറന്ന് അകത്തുകയറി ജീവനക്കാരന്റെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചത്. സുധിലാൽ തിരികെയെത്തിയപ്പോൾ നിരപ്പലക തുറന്നിരുന്നതിനെ തുടർന്ന് കടയിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണം തെളിഞ്ഞത്.സമീപത്തെ കടക്കാരെ വിവരം ധരിപ്പിക്കുമ്പോൾ, നിരീക്ഷണ കാമറയിൽ കണ്ട മോഷ്ടാവ് അതുവഴി വരികയായിരുന്നു. ഷറഫിനെ പിടികൂടി വിവരം അന്വേഷിക്കുന്നതിനിടയിൽ കൂടിനിന്നവരുടെ കൈതട്ടിമാറ്റി ഇയാൾ ഓടി. പിറകെ ഓടിയ സുധിലാൽ ചന്തമുക്കിൽ വച്ച് ഷറഫിനെ പിടികൂടുകയായിരുന്നു.ഇയാളുടെ ഇടുപ്പിൽ തിരുകിയ നോട്ടുകൾ ഓട്ടത്തിനിടെ റോഡിൽ ചിതറിയത് നാട്ടുകാർ പെറുക്കിയെടുത്ത് പൊലീസിന് കൈമാറി.