കോവളം: കോവളം - കഴക്കൂട്ടം ബൈപ്പാസിൽ ജനങ്ങളെ വലച്ചുള്ള ബൈക്ക് അഭ്യാസങ്ങൾ തുടർക്കഥയാകുന്നു.

ഇന്നലെ രാവിലെ 11ഓടെയാണ് മുക്കോല ബൈപ്പാസിൽ നിന്ന് കോവളം ഭാഗത്തേക്ക് രണ്ടംഗസംഘം ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്. ഇത് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അപ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു.

ഇവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉച്ചയ്ക്ക് ശേഷവും ബൈപ്പാസിൽ ബൈക്ക് റേസിംഗ് നടന്നതായി പ്രദേശവാസികൾ പറയുന്നു. ഒന്നരവർഷം മുമ്പ് വാഴമുട്ടം ബൈപ്പാസിൽ ബൈക്ക് റേസിംഗ് അപകടത്തിൽ പ്രദേശവാസിയായ സന്ധ്യ മരണപ്പെട്ടിരുന്നു. ബൈക്ക് യാത്രികനായ പൊട്ടക്കുഴി സ്വദേശി അരവിന്ദനും മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം കോവളം ബൈപാസിൽ ബൈക്ക് അഭ്യാസങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ പൊലീസിന്റെ പട്രോളിംഗ് നിലച്ചതോടെ വീണ്ടും സംഘങ്ങൾ തലപൊക്കിത്തുടങ്ങി. ഇന്നലെ സമൂഹമാദ്ധ്യമത്തിൽ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പങ്കുവച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹനവകുപ്പ്.