തിരുവനന്തപുരം: കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റിൽ,എസ്.എൻ.ഡി.പി 932, 933 നമ്പർ ശാഖകളിലെ അർഹതപ്പെട്ട എല്ലാ ഈഴവ സമുദായ അംഗങ്ങൾക്കും അടിയന്തരമായി അംഗത്വം നൽകണമെന്ന് ആറ്റിങ്ങൽ മുൻസിഫ് എൻ.സന്തോഷ് കുമാർ ഉത്തരവിട്ടു.ട്രസ്റ്റിലേയ്ക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു.ക്ഷേത്രത്തിൽ 2015ൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.എന്നാൽ അകാരണമായി കുറേ പേർക്ക് അംഗത്വം നിഷേധിച്ചതിനാൽ ഏഴു വാദികൾ കക്ഷി ചേർന്ന് അർഹതപ്പെട്ട എല്ലാവർക്കും അംഗത്വം നൽകിയതിന് ശേഷം മാത്രം തിരഞ്ഞെടുപ്പ് നടത്തണമെന്ന് വ്യവഹാരം ഫയൽ ചെയ്തിരുന്നു.വ്യവഹാരം എട്ടുവർഷം നീണ്ടു.അടിയന്തര തീർപ്പിനായി വാദികൾ ആറ്റിങ്ങൽ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചു.കേസ് തുടർന്ന് നടത്തുവാൻ കഴക്കൂട്ടം വി.മോഹൻ കുമാറിനെ നിയമിച്ചു.അടിയന്തര സിറ്റിംഗിലൂടെ കേസ് ഒൻപത് മാസം കൊണ്ട് പൂർത്തിയാക്കി.