കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ കുടിവെളളം കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ആറ്റിങ്ങലിൽ നിന്നും പെെപ്പ് വഴി ഒൻപതും പത്തും ദിവസം കൂടുമ്പോഴാണ് ഇവിടെ അല്പസമയം കുടിവെളളം ലഭിക്കുന്നത്. വാട്ടർ അതോറിട്ടിയിലും പഞ്ചായത്തിലും നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും വാട്ടർ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. അപൂർവം ചില വീടുകളിലാണ് കിണറുകളുള്ളത്. കിണറുകൾ വറ്റിയതിനാൽ കിണറ്റിൽ നിന്നും വെളളവും കിട്ടുന്നില്ല. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ജലം ലഭിക്കാതെ നെട്ടോട്ടം ഓടുകയാണ് പ്രദേശവാസികൾ. ടാങ്കർ വഴി കുടിവെളള വിതരണം നടത്തുന്നുണ്ടെന്നാണ് പഞ്ചായത്ത് പറയുന്നത്. റോഡ് സെെഡിൽ താമസിക്കുന്നവർക്ക് മാത്രമേ ടാങ്കർ വഴിയുളള കുടിവെളളം ലഭിക്കുന്നുളളൂ എന്നതാണ് വാസ്തവം. ഉൾഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ടാങ്കർ വഴിയുളള ജലം എത്താത്ത അവസ്ഥയാണ്. കുടിക്കാനും മറ്റുമായി കിലോ മീറ്ററുകൾ താണ്ടിയാണ് ജനങ്ങൾ ഒന്നോ രണ്ടോ കുടം വെള്ളം കൊണ്ടുവരുന്നത്. ഒരു കുടം വെളളത്തിന് 25 രൂപ വരെ വിലയുണ്ട്. ഭീമമായ വിലകൊടുത്ത് വെള്ളം വാങ്ങാൻ സാധാരണക്കാരായ കുടുംബങ്ങൾക്ക് പലപ്പോഴും കഴിയാറില്ല. ജനപ്രതിനിധികളും ഈ കാര്യത്തിൽ അവശ്യം വേണ്ട ശ്രദ്ധ ചെലുത്തുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തങ്ങളെക്കൊണ്ട് കഴിയുന്ന ഓരോ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വാട്ടർ അതോറിട്ടി ശ്രദ്ധിക്കുന്നില്ലെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്.
ഒരു കുടം വെളളത്തിന് 25 രൂപ വരെ
പരിശോധന ഉറപ്പാക്കണം, വിതരണം മെച്ചപ്പെടുത്തണം
യാതൊരുവിധ പരിശോധനയും നടത്താതെയാണ് നിലവിൽ ടാങ്കർ വഴി കുടിവെള്ളം വിതരണം ചെയ്യുന്നത്. അത് ഉപയോഗിക്കാൻ കഴിയുന്നതാണോ എന്നുപോലും ആരും നോക്കുന്നില്ല. കുടിവെളളം കിട്ടാത്തതിനാൽ കിട്ടുന്ന വെളളത്തിന്റെ ശുദ്ധിയെപ്പറ്റി ചിന്തിക്കാതെ ജനങ്ങൾ അത് ഉപയോഗിക്കുന്നു. കടയ്ക്കാവൂരിൽ പലവിധ ജലസ്രോതസുകളുണ്ട്. ഇതെല്ലാം ഉപയോഗപ്പെടുത്തി കുടിവെളളവിതരണം കാര്യക്ഷമമാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല. അടിയന്തരമായി കുടിവെളള വിതരണം മെച്ചപ്പെടുത്താനും കൊടുക്കുന്ന കുടിവെളളം ശുദ്ധമാണോ എന്ന് പരിശോധിക്കേണ്ട സംവിധാനവും ഏർപ്പെടുത്തണം. ശുദ്ധമായ വെള്ളമല്ല കൊടുക്കുന്നതെങ്കിൽ ജനങ്ങൾക്ക് പലവിധ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതകളേറെയാണ്. ഇക്കാര്യങ്ങളിൽ പഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്ട്മെന്റും അടിയന്തര ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.