തിരുവനന്തപുരം:ബിസിനസുകാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആധാർ വെരിഫിക്കേഷൻ ഉപയോഗിച്ച് 1.07 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വദേശിയായ വി.ബാബുവിന്റെ അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്.സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാപ്പനംകോട് ബ്രാഞ്ചിലാണ് ബാബുവിന് അക്കൗണ്ടുള്ളത്.കഴിഞ്ഞ വർഷം നവംബർ 12 മുതൽ ഈ വർഷം ഫെബ്രുവരി 13 വരെ പല തവണകളായാണ് ബാബുവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.07 ലക്ഷം നഷ്ടപ്പെട്ടത്.ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസിലായത്.തുടർന്ന് ബാബു ബാങ്കുമായി ബന്ധപ്പെട്ടു.ആധാർ വെരിഫിക്കേഷൻ ഉപയോഗിച്ചാണ് തുക ട്രാൻസ്‌ഫർ ചെയ്തതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

15 വർഷമായി ഉപയോഗിച്ചിരുന്ന പോസ്റ്റ് പെയ്ഡ് മൊബൈൽ നമ്പർ ബാബു നവംബറിൽ വോഡാഫോണിൽ നിന്ന് ജിയോയിലേക്ക് പോർട്ട് ചെയ്തിരുന്നു.അതിനുശേഷമാണ് പണം നഷ്ടമാകാൻ തുടങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. ഓരോതവണ പണം നഷ്ടമാകുമ്പോഴും ഫോണിൽ ഒ.ടി.പിയോ പണം പിൻവലിക്കപ്പെട്ടെന്ന മെസേജോ ലഭിച്ചിരുന്നില്ല. ഇതിനിടെ പോർട്ട് ചെയ്ത നമ്പർ പ്രവർത്തിക്കാതെ വന്നതിനെ തുടർന്ന് കരമനയിലെ ജിയോ ഓഫീസിൽ ബന്ധപ്പെട്ടു. എന്നാൽ,​സിംകാർഡിലെ വിവരങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാൽ ഡ്യൂപ്ളിക്കേറ്റ് സിം നൽകാൻ കഴിയില്ലെന്നും അവർ പറഞ്ഞതായി ബാബു പറഞ്ഞു. തുടർന്ന് ജിയോയുടെ ഹെഡ് ഓഫീസിൽ ബാബു പരാതി നൽകി. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് സൈബർ സെല്ലിലും ഓംബുഡ്‌സ്‌മാനിലും പരാതി നൽകിയിട്ടുണ്ട്.