ss

സിനിമയ്ക്ക് പുറത്തുള്ള താരങ്ങളുടെ സൗഹൃദവും ഒത്തുചേരലുകളും ആരാധകർക്ക് കൗതുകം പകരുന്നതാണ്. നരേന്റെ വീട്ടിൽ അപ്രതീക്ഷിതമായൊരു ഒത്തുച്ചേരലുമായി ദിലീപിന്റെയും മീര ജാസ്മിന്റെയും കുടുംബങ്ങൾ . ദിലീപും കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും മീര ജാസ്മിന്റെ കുടുംബവും ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യത്തിൽ ശ്രദ്ധ നേടുന്നു. കാവ്യ മാധവനാണ് ഒത്തുകൂടലിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കാവ്യയ്ക്കും ദിലീപിനും മകൾ മഹാലക്ഷ്മിക്കും ഒപ്പം നരേൻ, മീര ജാസ്മിൻ എന്നിവരെ ചിത്രത്തിൽ കാണാം. ഒപ്പം നരേന്റെയും മീര ജാസ്മിന്റെയും കുടുംബാംഗങ്ങളും ഉണ്ട്. മീര ജാസ്മിന്റെ അമ്മ, സഹോദരിമാർ, നരേന്റെ ഭാര്യ മഞ്ജു. മക്കളായ തന്‌മയ, ഒാംങ്കാർ എന്നിവരും ചിത്രത്തിലുണ്ട്.

മുൻകൂട്ടി തീരുമാനിക്കാതെ ഒരുമിച്ച് കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരൽ എന്നാണ് ചിത്രത്തിന് കാവ്യ നൽകുന്ന അടിക്കുറിപ്പ്. നരേനും മീര ജാസ്മിനും ഇടവേളയ്ക്കുശേഷം ഒരുമിച്ച് അഭിനയിച്ച ക്വീൻ എലിസബത്ത് സിനിമയുടെ നിർമ്മാതാവ് രഞ്ജിത്ത് മണമ്പ്രക്കാട്ടും ചിത്രത്തിലുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച അച്ചുവും നരേൻ അവതരിപ്പിച്ച ഇജോയും പ്രേക്ഷകർക്കും ഇപ്പോഴും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഒരേകടൽ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചു.