തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാൻ യു.ഡി.എഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇക്കാര്യം കോൺഗ്രസോ യു.ഡി.എഫോ ചർച്ച ചെയ്തിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മുന്നണി പ്രവർത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരമൊരു വിഷയം യു.ഡി.എഫിന് മുന്നിലില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടും പ്രത്യേകിച്ച് കാര്യമില്ല. വെറുതെ കസേരയിൽ മുകളിലേക്ക് നോക്കിയിരിക്കാമെന്നല്ലാതെ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയാ- ഗുണ്ടാ സംഘങ്ങളാണ് സംസ്ഥാനം നിയന്ത്രിക്കുന്നത്. സി.പി.എം നൽകുന്ന രാഷ്ട്രീയ രക്ഷാകർതൃത്വമാണ് അവർക്ക് ധൈര്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.