ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകളും കൊടിതോരണങ്ങളും നഗരസഭയുടെ പ്രത്യേക സ്ക്വാഡ് നീക്കം ചെയ്തു. പൊതുനിരത്തുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയുടെ റവന്യൂ - ആരോഗ്യ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ നിന്നായി ഇരുനൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനം നടത്തിയവർക്ക് പിഴ നോട്ടീസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. പരസ്യ വസ്തുക്കൾ സ്ഥാപിച്ചാൽ ഒന്നാം തവണ 10000 രൂപയും രണ്ടാം തവണ 25000 രൂപയും മൂന്നാം തവണ 50000 രൂപയും പിഴയും ലൈസൻസ് റദ്ദാക്കലുമാണ് നിയമ നടപടി. പരിശോധനയ്ക്ക് റവന്യൂ ഇൻസ്പെക്ടർ ബൈജൂ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ബിൽഡിംഗ് ഇൻസ്പെക്ടർ വിജയകുമാർ, നഗരസഭാ ജീവനക്കാരായ അജി, ജയൻ എന്നിവർ പങ്കെടുത്തു.