ഉദിയൻകുളങ്ങര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേനൽമഴയിൽ അതിർത്തി പ്രദേശത്ത് വ്യാപക കൃഷി നാശം. ശക്തമായ കാറ്റിൽ വിളവെടുക്കാറായ ഏക്കർ കണക്കിന് മരച്ചീനിയും 40,000ലധികം വാഴകളും നശിച്ചു.
പാറശാല, തൊട്ടിപ്പാലം, നെടുവാൻവിള, പരശുവയ്ക്കൽ, പെരുവിള, കരുമാനൂർ, കൊടവിളാകം, മുറിയത്തോട്ടം, നെടിയാകോട് എന്നീ മേഖലകളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. പാറശാല കൃഷിഭവനു കീഴിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ കൃഷി നാശമാണുണ്ടായത്. കൊല്ലയിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ സന്ദർശിച്ചു. കർഷകർക്ക് ധനസഹായം നൽകാൻ തഹസിൽദാർക്ക് നിർദ്ദേശവും നൽകി. കൊല്ലയിൽ പഞ്ചായത്തിൽ 10,000ലധികം വാഴകളും നശിച്ചു.